കല്ലമ്പലം: ശബരിമല വിഷയത്തിൽ പള്ളിക്കലിൽ കോൺഗ്രസിലെ ഇരുവിഭാഗം നടത്തിയ പ്രതിഷേധ പ്രകടനം കൈയാങ്കളിയിലെത്തിയതോടെ പൊലീസെത്തി നിയന്ത്രിച്ചു. യു.ഡി.എഫ് പള്ളിക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം പള്ളിക്കൽ ജംഗ്ഷനിലും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മറ്റൊരു വിഭാഗം മുതലയിലുമാണ് പ്രകടനം നടത്തിയത്. യു.ഡി.എഫ് നേതൃത്വം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രകടനം ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. പള്ളിക്കലിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ എല്ലാവരും ഒറ്റക്കെട്ടായിരുന്നുവെന്നും യു.ഡി.എഫ് നേതൃത്വത്തെ അറിയിക്കാതെ രഹസ്യമായി ഒരു കൂട്ടർ മാത്രം എന്ത് പ്രകടനമാണ് നടത്തുന്നതെന്നുള്ള തർക്കമാണ് വാക്കേറ്റത്തിൽ കലാശിച്ചത്.

തുടർന്ന് കൈയാങ്കളിയിലെത്തിയ സംഘർഷം പൊലീസെത്തി അവസാനിപ്പിക്കുകയായിരുന്നു.

പള്ളിക്കലിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന എ.എം.ഫാരിയെ നീക്കിയ ശേഷം തത്കാല ചുമതല ഐ.മുബാറക്കിനെ ഏൽപിച്ചു. ഇത് പാർട്ടിക്കുള്ളിൽ അതൃപ്തി ഉണ്ടാക്കിയെന്നാണ് ആരോപണം. ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടെ നീക്കങ്ങൾ മനസിലാക്കി ഇതുസംബന്ധിച്ച് കെ.പി.സി.സിയിലും ഡി.സി.സിയിലും പരാതി നൽകിയതായും യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി നേതാക്കൾ അറിയിച്ചു.ഡി.സി.സി പുതിയ സമിതി രൂപീകരിച്ച് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പാർട്ടിക്ക് വലിയ നഷ്ടം സംഭവിക്കുമെന്നും പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയിലാണെന്നും യു.ഡി.എഫ് ചെയർമാൻ നിസാം പറഞ്ഞു.