d

വർക്കല: ചെറുന്നിയൂർ വെള്ളിയാഴ്ചക്കാവ് പ്രദേശത്ത് അനധികൃതമായി കുന്നിടിക്കലും മണ്ണ് കടത്തലും വ്യാപകമാകുന്നുവെന്ന് പരാതി. ജിയോളജി വകുപ്പ് നൽകിയ പാസിന്റെ മറവിൽ അനിയന്ത്രിതമായി മണ്ണ് കയറ്റുമതി നടക്കുന്നതായാണ് നാട്ടുകാരുടെ ആരോപണം.കുന്നിടിച്ച ഇടങ്ങളിൽ ഭൂപ്രകൃതിയിൽ വൻമാറ്റമാണ് സംഭവിച്ചിരിക്കുന്നത്. വെള്ളിയാഴ്ചക്കാവിനു സമീപമാണ് നിലവിൽ വ്യാപകമായി കുന്നിടിക്കുന്നത്. ചെറുന്നിയൂർ- താന്നിമൂട് റോഡിൽ വിവിധ ഭാഗങ്ങളിലായി ഇതിനകം കുന്നിടിച്ച് കഴിഞ്ഞിട്ടുണ്ട്. ഇവിടെ നിന്നെല്ലാം നൂറുകണക്കിന് ലോഡ് മണ്ണ് നീക്കം ചെയ്തതായി പ്രദേശവാസികൾ പറയുന്നു. മണ്ണുമായി പായുന്ന ടിപ്പറുകൾ ഇവിടുത്തെ സ്ഥിരംകാഴ്ചയാണ്. പകൽസമയത്തും രാത്രിയിലും മണ്ണ് കയറ്റുന്ന വാഹനങ്ങൾ നിരന്തരം സഞ്ചരിക്കുമ്പോൾ സമീപവാസികൾക്ക് ആശങ്കയും അതൃപ്തിയും വർദ്ധിക്കുന്നു.

സംശയത്തിന്റെ നിഴൽ

ജിയോളജി വകുപ്പിനും പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥർക്കും നേരെയാണ് പ്രാദേശികരിൽ നിന്നും ഉയരുന്ന പ്രധാന ആരോപണം. വീട് നിർമ്മാണത്തിനായി നിയമാനുസരണം ഉടമസ്ഥർ അനുമതി തേടിയാണ് കുന്നിടിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. എന്നാൽ ചട്ടങ്ങളും നടപടിക്രമവും മറികടന്ന് അനധികൃതമായാണ് ഇടിക്കുന്നതെന്നാണ് ആക്ഷേപമുയരുന്നത്.ബിനാമി പേരുകളിലേക്ക് വസ്തു കൈമാറ്റം ചെയ്തു നേടിയ പെർമിറ്റുകളുടെ മറവിലാണ് കുന്നിടിക്കലും മണ്ണുകടത്തലുമെന്നും ആക്ഷേപമുണ്ട്. നിയമാനുസൃതമായി ഒരു പാസ് നൽകിയാൽ അതനുസരിച്ചുള്ള പരിധിയിലേക്കാണ് കുന്നിടിക്കേണ്ടത്. പക്ഷെ ഇവിടെ അതിനതീതമായി വ്യാപകമായി മണ്ണ് നീക്കം ചെയ്യപ്പെടുന്നു. ഇത് വലിയ തോതിലുള്ള അനധികൃത വ്യാപാരമാണ്, കുന്നിടിക്കൽ ആരംഭിക്കുന്നതിന് മുമ്പ് ജിയോളജി വകുപ്പിന്റെയും പരിസ്ഥിതി വിദഗ്ദ്ധരുടെയും നിരീക്ഷണം അനിവാര്യമാണ്.

ഭൂശാസ്ത്രപരമായ ഭീഷണി

ചെറുനീരുറവകളുടെ നാടാണ് ചെറുന്നിയൂർ. കുന്നിടിക്കൽമൂലം സമീപ പ്രദേശങ്ങളിലെ ഭൂമിശാസ്ത്ര ഘടനയെ ദീർഘകാലത്തേക്ക് ബാധിക്കുമെന്നുള്ള നിരീക്ഷണങ്ങൾ വിവിധ സംഘടനകൾ ഉന്നയിക്കുന്നുണ്ട്. മണ്ണ് വൻതോതിൽ നീക്കം ചെയ്തതിന് സമീപം താമസിക്കുന്ന കുടുംബങ്ങളുടെ വീടുകളും അപകടാവസ്ഥയിലാണ്. ശക്തമായ മഴയിൽ മണ്ണൊലിപ്പും കുന്നിടിച്ചിലും ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. കുന്നിടിക്കലിനെതിരെ പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോബിൻ കൃഷ്ണ പറഞ്ഞു.