s

തിരുവനന്തപുരം:ധാർമ്മികവും സാംസ്‌കാരികവുമായ ഏകതയിലാണ് ഭാരതത്തിന്റെ ദേശീയത നിലകൊള്ളുന്നതെന്നും, അത് ഭരണപരവും ഭൂമിശാസ്ത്രപരവുമല്ലെന്നും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാർ പറഞ്ഞു. ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125ാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് മുഖർജി റിസർച്ച് ഫൗണ്ടേഷൻ കേരള ഘടകം രാജ്ഭവൻ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'രാഷ്ട്രധാരയും ആത്മതത്വവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബംഗാളിന്റെ അഖണ്ഡതയും കാശ്മീരിന്റെ ഭരണഘടനാ ഏകത്വവും സംരക്ഷിക്കാനായുള്ള ഡോ. മുഖർജിയുടെ ബലിദാനം രാഷ്ട്ര ചരിത്രത്തിലെ നിർണ്ണായക ഘട്ടമായിരുന്നു. വേരുകൾ മുറിക്കാതെ ആധുനികനാവുകയെന്നത് ഏതൊരാൾക്കും വെല്ലുവിളിയാണ്. അതിനെ അതിജീവിച്ച ആളാണ് ശ്യാമപ്രസാദ് മുഖർജി.തദ്ദേശീയ ശേഷി, തന്ത്രപരമായ വ്യവസായങ്ങൾ, ദേശീയ പ്രതിരോധം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ഇന്നത്തെ ആത്മനിർഭർ ഭാരത് നയത്തിന്റെ പൂർവരൂപമായിരുന്നു ശ്യാമപ്രസാദ് മുഖർജി മുന്നോട്ടു വച്ചതെന്നും ജെ. നന്ദകുമാർ പറഞ്ഞു.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അദ്ധ്യക്ഷനായി. ശ്യാമപ്രസാദ് മുഖർജി റിസർച്ച് ഫൗണ്ടേഷൻ സെക്രട്ടറിയും ട്രസ്റ്റിയുമായ പ്രൊഫ. കനകസഭാപതി, അഡീഷണൽ ചീഫ് സെക്രട്ടറി ദേബേന്ദ്രകുമാർ ദോഡാവത്, ശരവണകുമാർ എന്നിവർ പങ്കെടുത്തു.