aadu

 4 ആടുകളെ കടിച്ചുകൊന്നു

വിതുര: തൊളിക്കോട് പഞ്ചായത്തിൽ തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ചതായി പരാതി. മന്നൂർക്കോണം, തൊളിക്കോട്, പതിനെട്ടാംകല്ല് മേഖലകളിലാണ് നായശല്യം രൂക്ഷമാകുന്നത്. റോഡിലൂടെ നടന്നാൽ നായ്ക്കളുടെ കടി ഉറപ്പ്. ഇതിനകം നിരവധി പേർക്കാണ് നായയുടെ കടിയേറ്റത്. നായശല്യം വർദ്ധിച്ചത് വിദ്യാർത്ഥികൾക്കും പ്രദേശവാസികൾക്കും തലവേദനയായിട്ടുണ്ട്. പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിലെ മിക്ക ജംഗ്ഷനുകളും രാത്രിയിൽ തെരുവുനായ്ക്കളുടെ പിടിയിലാണ്. രാത്രിയിൽ ബസിറങ്ങുന്നവരെ കടിച്ച സംഭവവുമുണ്ട്. സ്കൂൾ, ആശുപത്രിപരിസരങ്ങളും നായ്ക്കളുടെ വിഹാരകേന്ദ്രമാണ്. ഇവറ്റകളുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടും നടപടികളില്ല.ഇതിനിടയിൽ തലസ്ഥാനനഗരിയിൽ നിന്ന് രാത്രിയിൽ അനവധി തവണ വാഹനത്തിൽ തെരുവുനായ്ക്കളെ കൊണ്ടിറക്കിവിട്ട സംഭവവുമുണ്ടായി. ഇതോടെ തെരുവോരങ്ങൾ നായ്ക്കളെക്കൊണ്ട് നിറഞ്ഞു. വിതുര പഞ്ചായത്തിലെ അവസ്ഥയും വിഭിന്നമല്ല. വീടുകളിൽ കയറി പിഞ്ചുകുഞ്ഞുങ്ങളെയും നായ്ക്കൾ കടിച്ച സംഭവമുണ്ടായിട്ടുണ്ട്.

തെരുവോരങ്ങളിൽ

പേവിഷബാധയുള്ള നായ്ക്കളും

തൊളിക്കോട് മന്നൂർക്കോണത്ത് കൂട്ടമായെത്തിയ നായ്ക്കകൾ വീട്ടിൽ കയറി 4 ആടുകളെ കടിച്ചുകൊന്നു. മന്നൂർക്കോണം ദാറുൽ നൂർ മൻസിലിൽ അബ്ദുൽബഷീറിന്റെ ആടുകളെയാണ് കഴിഞ്ഞദിവസം കടിച്ചുകൊന്നത്. പ്രദേശത്ത് നായ്ക്കകൾ കോഴികളെയും കൂട്ടത്തോടെ കൊന്നൊടുക്കിയതായി നാട്ടുകാർ പറയുന്നു. നായശല്യം നിമിത്തം കോഴികളെ വളർത്താൻ കഴിയാത്ത അവസ്ഥയാണ്. പൗൾട്രിഫാമുകളിൽ കയറി കോഴികളെ കൊന്നൊടുക്കിയ സംഭവവുമുണ്ടായി. പേവിഷബാധയുള്ള നായ്ക്കളും തെരുവോരങ്ങളിൽ അലഞ്ഞുതിരിഞ്ഞുനടക്കുന്നുണ്ട്.

മാലിന്യം നിറയുന്നു

പൊൻമുടി സംസ്ഥാനപാതയിൽ തൊളിക്കോട് വിതുര പഞ്ചായത്തുകളിൽ മാലിന്യനിക്ഷേപം രൂക്ഷമാണ്. പാതയോരങ്ങളിൽ ഇറച്ചിവേസ്റ്റുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വൻതോതിലുണ്ട്. മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്ന മേഖലകളിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെയെത്തി മാലിന്യം ഭക്ഷിക്കുന്നതും പതിവുകാഴ്ചയാണ്.മാല്യന്യംനിക്ഷേപിക്കുന്നവരെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പരാതികൾ നൽകിയിട്ടും നടപടികൾ സ്വീകരിച്ചിട്ടില്ല. വനത്തിൽ നിന്നും നാട്ടിലിറങ്ങിയ പന്നികളെയും നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ച് കൊന്നുതിന്ന സംഭവവുമുണ്ടായി.