road

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഓവർബ്രിഡ്ജ് നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പൈലിംഗ് ജോലികൾ ആരംഭിച്ചിട്ട് ഒരു മാസം.44 പൈലിംഗിൽ 25 പൈലിംഗും പൂർത്തിയായി പണി പുരോഗമിക്കുമ്പോൾ അടിക്കടി നടപ്പിലാക്കുന്ന ട്രാഫിക്ക് പരിഷ്കാരങ്ങൾ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.

ഗതാഗത തടസങ്ങൾക്ക് പരിഹാരമെന്ന നിലയിൽ ഔട്ടർ റിംഗ് റോഡുകളും ഇന്നർ റിംഗ് റോഡുകളും പ്രയോജനപ്പെടുത്തണമെന്നായിരുന്നു തീരുമാനം. പിരപ്പൻകോട് തുടങ്ങി നാഗരുകുഴി,നെല്ലനാട് വഴി അമ്പലംമുക്കിലെത്തുന്ന റോഡും തൈക്കാട് സമന്വയ നഗറിൽ തുടങ്ങി മാങ്കുളം വഴി പാകിസ്ഥാൻ മുക്കിലെത്തി എം.സി റോഡിൽ പ്രവേശിക്കുന്ന റോഡുമാണ് ഔട്ടർറിംഗ് റോഡുകൾ. വെഞ്ഞാറമൂട് മാർക്കറ്റിന് സമീപം തുടങ്ങി പൊലീസ് സ്‌റ്റേഷന് മുന്നിലെത്തി കാവറ വഴി മുക്കുന്നൂരിലെത്തി വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിലെത്തുന്നതാണ് ഇന്നർ റിംഗ് റോഡ്.

ഇതിന്റെ റോഡുപണി ആരംഭിക്കുന്നതിന് മുൻപായി ഔട്ടർറിംഗ് റോഡുകളുടെയും ഇന്നർ റിംഗ് റോഡിന്റെയും നവീകരണം പൂർത്തിയാക്കി ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ആശക്കുഴപ്പമുണ്ടാകാത്തവിധം സൂചനാബോർഡുകൾ സ്ഥാപിക്കും. എന്നാൽ തീരുമാനം ശരിയാവണ്ണം നടപ്പിലാക്കാനാകാത്ത കാരണം ഈ റോഡുകളിൽ അപകടങ്ങളും ഗതാഗത തടസങ്ങളും പതിവായി.