ആറ്റിങ്ങൽ: റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് ആറ്റിങ്ങലിൽ തുടക്കം. ജില്ലയിലെ 12 വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നായി സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 96 മത്സര ഇനങ്ങളിൽ 5000 ത്തോളം വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്നു. ഉപജില്ലകൾക്ക് പുറമേ ജി.വി രാജ, അയ്യങ്കാളി സ്പോർട്സ് സ്കൂളുകൾ, സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും പങ്കെടുക്കുന്നു. ശ്രീപാദം സിന്തറ്റിക് സ്റ്റേഡിയത്തിൽ രാവിലെ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ: എസ്.കുമാരി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കായികമേള ഉദ്ഘാടനം ചെയ്തു.

മഴയിൽ മുങ്ങി

മത്സരങ്ങൾ

ഇന്നലെ ഉച്ചയ്ക്ക് പെയ്ത കനത്ത മഴ ഒരു മണിക്കൂറോളം മത്സരങ്ങൾ തടസപ്പെടുത്തി. കനത്ത മഴയത്ത് സബ് ജൂനിയർ നൂറുമീറ്റർ ഫൈനൽ നടത്താനൊരുങ്ങിയത് പ്രതിഷേധം ക്ഷണിച്ചുവരുത്തി. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ആരംഭിച്ച മഴ ഒരു മണിക്കൂർ നീണ്ടുനിന്നു. മഴ മാറിയതോടെ മത്സരങ്ങൾ പുനരാരംഭിച്ചു.

പൊന്നണിഞ്ഞ് കായിക

ദമ്പതികളുടെ മകൾ

കായിക ദമ്പതികളായ ഡേവിഡ് - അജില ദമ്പതികളുടെ മകൾ ഡെൽന.എ.ഡേവിഡ് സബ് ജൂനിയർ ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം നേടി. 7.45 മീറ്ററാണ് സ്വർണദൂരം. അജില ബാൾ ബാഡ്മിന്റൺ താരവും കേരള യൂണിവേഴ്സിറ്റി കബഡി ടീം ക്യാപ്ടനുമായിരുന്നു. ഡേവിഡ് ഫിലിപ്പ് റസ്‌ലിംഗ് കോച്ചും കാട്ടാക്കട എൽ. എം. എസ് എൽ.പി.എസിലെ കായിക അദ്ധ്യാപകനുമാണ്.മാതാപിതാക്കളാണ് ഡെൽനയെ പരിശീലിപ്പിക്കുന്നത്.

പ്രതിഷേധവുമായി

കായികാദ്ധ്യാപകർ

എയ്ഡഡ് വിദ്യാലയങ്ങളിൽ കായിക അദ്ധ്യാപക സംരക്ഷണ ഉത്തരവ് പുനഃസ്ഥാപിക്കുക, ഹയർ സെക്കൻഡറിയിൽ കായിക അദ്ധ്യാപക തസ്തിക അനുവദിക്കുക, കായിക ആരോഗ്യ വിദ്യാഭ്യാസം പാഠ്യവിഷയമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കായികാദ്ധ്യാപക സംഘടനയുടെ നേതൃത്വത്തിൽ വേദിയിൽ പ്രതിഷേധം നടന്നു.