
നെടുമങ്ങാട്: നഗരസഭ വികസന സദസിന്റെ ഭാഗമായി സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം.മാലിന്യങ്ങൾ വലിച്ചെറിയുന്ന സാഹചര്യം ഇല്ലാതാക്കുക, തെരുവുനായ ശല്യം, നഗരത്തിലെ പാർക്കിംഗ് പ്രശ്നം പരിഹരിക്കൽ, ചെറിയ റോഡുകളുടെ നവീകരണങ്ങൾ വേഗത്തിൽ പൂർത്തിയാക്കുക, പൈതൃക കേന്ദ്രങ്ങൾ പരിപാലിക്കുന്നതിൽ ശ്രദ്ധ പുലർത്തുക, വയോജനങ്ങൾക്കായി ഒരു പൊതു സാംസ്‌കാരിക ഹബ് നിർമ്മിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ഉയർന്നു.മന്ത്രി ജി.ആർ.അനിൽ വികസന സദസും ഓപ്പൺ ഫോറവും ഉദ്ഘാടനം ചെയ്തു.അങ്കണവാടി മുതൽ ഹയർസെക്കൻഡറി വരെയുള്ള സ്കൂളുകളും മറ്റു സർക്കാർ കേന്ദ്രങ്ങളും പിണറായി സർക്കാർ മികവിലേക്ക് ഉയർത്തിയെന്ന് മന്ത്രി പറഞ്ഞു.വികസനരേഖ തഹസീൽദാർ ഷാജുവിന് നൽകി പ്രകാശനം ചെയ്തു. സർക്കാരിന്റെ നേട്ടങ്ങൾ സംബന്ധിച്ച വീഡിയോ പ്രദർശനവും നടന്നു.നഗരസഭ ചെയർപേഴ്‌സൺ സി.എസ്.ശ്രീജ അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ,പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സിന്ധു,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.അജിത,കെ.പി.പ്രമോഷ്,പാട്ടത്തിൽ ഷെരീഫ്, എസ്.എസ്.ബിജു എന്നിവർ പങ്കെടുത്തു.