തിരുവനന്തപുരം: ‌പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശംഖുംമുഖം തീരം സൗന്ദര്യവത്കരിക്കാൻ തീരുമാനം. തീരവും റോഡും സംരക്ഷിക്കാനും സൗന്ദര്യവത്കരിക്കാനും 14 കോടി അനുവദിച്ചതായി ആന്റണി രാജു എം.എൽ.എ അറിയിച്ചു.

നാവിക ദിനത്തോടനുബന്ധിച്ച് പ്രദർശനവും അഭ്യാസവും കാണാൻ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ ഡിസംബർ 4ന് ശംഖുംമുഖത്തെത്തും. യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണം പൂർത്തിയാക്കാനാണ് നിർദ്ദേശമെന്ന് ആന്റണി രാജു അറിയിച്ചു. തീരത്തിന് അഭിമുഖമായി 360 മീറ്ററിൽ ടൈലുകൾ കൊണ്ട് പടികൾ നിർമ്മിച്ച് ആറുനിരകളുള്ള ഗ്യാലറി സജ്ജീകരിക്കും. പ്രധാനമന്ത്രിക്ക് കടലിലെ നാവികാഭ്യാസം കാണാനും സ്റ്റേജ് ഒരുക്കും. സന്ദർശകർക്ക് ഇരിക്കാനും തീരത്തേക്ക് ഇറങ്ങാനും സാധിക്കുന്ന രീതിയിലാണ് പടികൾ നിർമ്മിക്കുന്നത്.

2018ലെ കടൽക്ഷോഭത്തിന് മുമ്പ് ഇവിടെ പടികൾ ഉണ്ടായിരുന്നു. നിലവിൽ തീരവും പടിക്കെട്ടുകളും ഇല്ലാത്തതിനാൽ സന്ദർശകരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. മുമ്പുണ്ടായിരുന്ന പടികളിൽ നിന്ന് വ്യത്യസ്തമായി അടിയിൽ പാറക്കല്ലുകളിട്ട് ശക്തിപ്പെടുത്തും. നവംബറിൽ നിർമ്മാണം പൂർത്തിയാക്കാനാണ് നീക്കം. ജലസേചന വകുപ്പിനാണ് നിർമ്മാണച്ചുമതല. ഇനി സാങ്കേതിക അനുമതി ലഭിക്കേണ്ടതുണ്ട്.

റാമ്പും ഒരുങ്ങും

ഗ്യാലറിക്ക് ഇരുവശവും റാമ്പും ഒരുക്കും. മത്സ്യത്തൊഴിലാളികൾക്ക് വള്ളം കടലിൽ നിന്ന് കയറ്റാനും ഇറക്കാനും ഇത് സഹായകമാകും. ഗ്യാലറി ഒരുങ്ങുന്നതോടെ ശംഖുംമുഖത്തെ നൈറ്റ് ലൈഫിനുൾപ്പെടെ ഉണർവ് ലഭിക്കും. സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകൾക്കും ഉപയോഗിക്കാം. ശംഖുംമുഖത്തെ ആറാട്ട് മണ്ഡപം കടൽക്ഷോഭത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ആദ്യഘട്ട ജിയോ ട്യൂബുകൾ വൈകാതെ സ്ഥാപിക്കും. ഐ.ഐ.ടി മദ്രാസിന്റെ ശാസ്ത്രീയ പഠനറിപ്പോർട്ട് ലഭിച്ചാലുടൻ ജോലികൾ ആരംഭിക്കും.

പദ്ധതി

നിർമ്മാണച്ചെലവ് 14 കോടി

ആറുനിരകളുള്ള ഗ്യാലറി,റാമ്പുകൾ

ചുമതല-ജലസേചന വകുപ്പിന്