
തിരുവനന്തപുരം: മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് വിരമിക്കൽ ആനുകൂല്യം നൽകുമെന്ന് മന്ത്രി സജി ചെറിയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മത്സ്യത്തൊഴിലാളികളും അനുബന്ധതൊഴിലാളികളും ക്ഷേമനിധിയിൽ അടച്ച അംശാദായവും സർക്കാർ വിഹിതവും ചേർത്താണ് നൽകുക. നിലവിൽ 67,000 പേർക്കാണ് ആനുകൂല്യം അനുവദിക്കുന്നത്. ക്ഷേമനിധി ബോർഡിന്റെ ആവശ്യം അംഗീകരിച്ച് 2 കോടി ആദ്യഘട്ടമായി സർക്കാർ അനുവദിച്ചു. ബാക്കി ഘട്ടം ഘട്ടമായി അനുവദിച്ച് റിട്ടയർമെന്റ് ബെനിഫിറ്റ് സ്‌കീം നടപ്പിലാക്കും. ഒരു തവണയെങ്കിലും അംശദായം അടച്ച അംഗത്തിന് കുറഞ്ഞത് 1000 രൂപയുടെ ആനുകൂല്യമുണ്ടാകും. വിരമിക്കൽ ആനുകൂല്യത്തിന് അർഹരായ അംഗങ്ങളെ കണ്ടെത്തുന്നതിനുള്ള നടപടി 30നുള്ളിൽ പൂർത്തിയാക്കും.
പീലിംഗ് തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ചികിത്സാ സഹായത്തിനായി സർക്കാർ പദ്ധതി ആവിഷ്‌കരിക്കും. ആദ്യഘട്ടമായി തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജുമായി സഹകരിച്ച് ആലപ്പുഴയിലെ അരൂരിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അടുത്ത ക്യാമ്പ് 25ന് അമ്പലപ്പുഴയിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.