
മെൽബൺ: ആലുവ സർവ്വമതസമ്മേളന ശതാബ്‌ദി ആഗോളതല ആഘോഷത്തിന്റെ ഭാഗമായി മെൽബൺ വിക്ടോറിയ പാർലമെന്റിൽ നടന്ന ലോകമതപാർലമെന്റിൽ ഓസ്ട്രേലിയൻ സർക്കാർ ശ്രീനാരായണ ഗുരുദേവന്റെ ചിത്രം ആലേഖനം ചെയ്ത സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. അന്താരാഷ്ട്ര സമ്മേളനങ്ങൾ, പരിസ്ഥിതി ദിനങ്ങൾ എന്നിവയുടെ ഭാഗമായി ഓസ്‌ട്രേലിയയിൽ സ്മാരക സ്റ്റാമ്പുകൾ സർക്കാർ പുറത്തിറക്കാറുണ്ട്. സർവ്വമത സമ്മേളന ശതാബ്‌ദിയോടുള്ള ആദരവായാണ് 65സെന്റിന്റെ സ്റ്റാമ്പ് പുറത്തിറക്കിയത്.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർക്ക് നൽകിയാണ് ഓസ്ട്രേലിയൻ ഗവ. വിപ്പ് ലീ ടർലാമീസ്, പാർലമെന്ററി സെക്രട്ടറി ഷീനവാട്ട് എന്നിവർ സ്റ്റാമ്പ് പ്രകാശനം നിർവ്വഹിച്ചത്. മന്ത്രി ഇൻഗ്രിഡ് സ്റ്റിട്ട്, വ്യവസായ പ്രാദേശിക വികസന മന്ത്രി ജാക്ലിൻ സിസ്, ഡെപ്യൂട്ടി സ്പീക്കർ മാട്ട് ഫ്രിഗൽ, ഉക്രേനിയൻ കത്തോലിക്ക അപ്പസ്തോലിക് വിസിറ്റേറ്റർ മൈക്കോള കർദ്ദിനാൾ ബൈചോക്ക്, ക്വാങ് മിൻ ബുദ്ധസന്യാസി ഫ്യൂക് ടാൻ തിച്ച്, അൽബേനിയൻ മുസ്ലിം സൊസൈറ്റി ഓഫ് ഷെപ്പാർട്ടൺ പ്രതിനിധി ഇമാം ഹിസ്‌നി മെർജ, സിക്ക് മത സന്യാസി ദിഗമദുല്ലെ വിമലാനന്ദ നായക തേരോ, ഔംസായി സൻസ്ഥാൻ പ്രതിനിധി കിരുബാ ശങ്കർ നടരാജൻ അയ്യ,സീ ചെങ് ഖോർ മോറൽ അപ്ലിഫ്റ്റിംഗ് സൊസൈറ്റിപ്രതിനിധി സ്റ്റീഫൻ ചെവ്, ഗുരുദ്വാര ശ്രീ ഗുരുനാനാക്ക് ദർബാർ ഓഫീസർ ഭായ് ബീർ സിംഗ് , ഡോ.ശശിതരൂർ എം.പി ,ഫാ.ജോസി.കെ കുര്യാക്കോസ് (കത്തോലിക്കാ സഭ),ഫാ.ഫിലിപ്പ് മാത്യു (മാർത്തോമ്മാ ചർച്ച്),ഫാ.ജിബിൻ സാബു (ഓർത്തഡോക്സ് ചർച്ച് ), ഫാ.ലിനു ലൂക്കോസ് (ഓർത്തഡോക്സ്), ഫാ.ജിജി മാത്യു (ഓർത്തഡോക്സ്),പാസ്റ്റർ ജേക്കബ് സൈമൺ (പെന്തക്കോസ്ത്),ഫാ ഡെന്നിസ് വി .കെ (യാക്കോബായ) , സ്വാമി ഋതംഭരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ധർമ്മചൈതന്യ, സ്വാമി അസംഗാനന്ദഗിരി, സ്വാമി വീരേശ്വരാനന്ദ, മങ്ങാട് ബാലചന്ദ്രൻ, കെ. ജി. ബാബുരാജൻ ബഹറിൻ, കെ. മുരളീധരൻ (മുരളിയാ) അബുദാബി, അനൂപ് (മെഡിമിക്സ്), മനോജ് (ഡൽഹി), ഡോ.സുരേഷ് കുമാർ മധുസൂദനൻ (മുംബയ്), ഗോകുലം ഗോപാലൻ, അജയകുമാർ കരുനാഗപ്പള്ളി, സാജൻ പെരിങ്ങോട്ടുകര, അമ്പലത്തറ രാജൻ, ഡോ. സിദ്ദിഖ് അഹമ്മദ് ഹാജി, ചാണ്ടി ഉമ്മൻ എം.എൽ.എ, സജീവൻ ശാന്തി തുടങ്ങിയവർ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു.