
തിരുവനന്തപുരം: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിൽ വിദ്യാർത്ഥിനിക്ക് ശിരോവസ്ത്രം ധരിച്ച് പഠനം തുടരാൻ അനുമതി നൽകണമെന്ന് മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശം. ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ കുട്ടിയെ ക്ലാസിൽ നിന്നു പുറത്താക്കിയ സ്കൂളിന്റെ നടപടി കൃത്യവിലോപവും മതാചാര സ്വാതന്ത്ര്യത്തിനു വിരുദ്ധവുമാണെന്ന് മന്ത്രി പറഞ്ഞു. എറണാകുളം ഉപവിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണത്തിൽ സ്‌കൂൾ അധികൃതരുടെ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് മന്ത്രിയുടെ നിർദേശം. ശിരോവസ്ത്രത്തിന്റെ നിറവും ഡിസൈനും സ്‌കൂൾ അധികൃതർക്ക് തീരുമാനിക്കാം. ഇന്ന് രാവിലെ 11നു മുമ്പ് സ്‌കൂൾ മാനേജരും പ്രിൻസിപ്പലും റിപ്പോർട്ട് നൽകണം.