പോത്തൻകോട്: സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന്,സ്കൂട്ടറിലും ബൈക്കുകളിലുമായെത്തിയ വിദ്യാർത്ഥി സംഘം സഹവിദ്യാർത്ഥിയെ വീടുകയറി ആക്രമിച്ചു. മൂക്കിലിടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പ്ലസ്ടു വിദ്യാർത്ഥി ശാസ്തവട്ടം ഗാന്ധിനഗറിന് സമീപം താമസിക്കുന്ന അഭയ് (17) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അഭയ്‌യുടെ പരാതിയെ തുടർന്ന് കണ്ടാലറിയാവുന്നവർ ഉൾപ്പെടെ 15 വിദ്യാർത്ഥികളെ പ്രതിയാക്കി പോത്തൻകോട് പൊലീസ് കേസെടുത്തു.തിങ്കളാഴ്ച രാത്രി 8.30ഓടെയാണ് അഭയ്‌യുടെ ശാസ്തവട്ടത്തെ വീട് ആക്രമിച്ചു പരിക്കേൽപ്പിച്ചത്.നേരത്തെ കൈവിരലിന് പരിക്കേറ്റ അഭയ് സ്വകാര്യാശുപത്രിയിൽ ചികിത്സ കഴിഞ്ഞ് രക്ഷിതാക്കളുമായി കാറിൽ വീട്ടിലേക്ക് വരുമ്പോൾ, കാത്തിരുന്ന സംഘം ചാടി വീണ് മർദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
വീട്ടിലേക്ക് ഓടിക്കയറിയ അഭയയെ പിടിച്ചിറക്കി വീണ്ടും മർദിച്ചശേഷമാണ് സംഘം മടങ്ങിയത്. തിങ്കളാഴ്ച സ്കൂളിൽ വച്ച് ഇരുവിഭാഗം വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും കൈയേറ്റവും നടന്നിരുന്നു.തന്റെ കൂട്ടുകാരനെ മർദിക്കുന്നതു കണ്ട് പിടിച്ചുമാറ്റാൻ ചെന്ന അഭയ്‌യുടെ കൈവിരലിന് പരിക്കേറ്റു.
അഭയിനെ മർദ്ദിക്കാനെത്തിയ 15 അംഗ സംഘത്തിൽ വിദ്യാർത്ഥികളെ കൂടാതെ പുറത്തു നിന്നുള്ളവരും ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.പോത്തൻകോട് ജംഗ്ഷനിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി വിദ്യാർത്ഥിക്ക് കുത്തേറ്റിരുന്നു.