കുളത്തൂർ: വീട്ടുകാരുമായി പിണങ്ങിയിറങ്ങി കായലിൽ ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ച 15കാരിയെ ഓട്ടോഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി 10.56നായിരുന്നു സംഭവം.

കഴക്കൂട്ടം സ്വദേശിയായ പെൺകുട്ടിയാണ് ആക്കുളം പാലത്തിൽ നിന്ന് ചാടിയത്. ഓട്ടം കഴിഞ്ഞ് അതുവഴി വന്ന വെള്ളായണി സ്വദേശി ഓട്ടോ ഡ്രൈവർ വിനോദ് കുമാറാണ് പെൺകുട്ടി പാലത്തിലെ കൈവരിക്ക് മുകളിൽ കയറുന്നത് കണ്ടുന്നത്. ഇയാൾ ഉറക്കെ വിളിച്ചുകൊണ്ട് ഓട്ടോ നിറുത്തി ഓടിയെത്തുമ്പോഴേക്കും പെൺകുട്ടി ചാടി.

ഉടൻ തന്നെ ഓട്ടോ ഡ്രൈവർ കായലിലേയ്ക്ക് ചാടി പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടെ വിവരമറിഞ്ഞ്‌ തുമ്പ പൊലീസും ചാക്ക ഫയർഫോഴ്‌സും സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലേക്ക്‌ മാറ്റി. പെൺകുട്ടിയുടെ കുടുംബം ഇപ്പോൾ പട്ടത്താണ് താമസിക്കുന്നത്. പെൺകുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.