
ചിറയിൻകീഴ്: മുതലപ്പൊഴിയിൽ മത്സ്യബന്ധന ക്യാരിയർ വള്ളത്തിൽ നിന്ന് കടലിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പെരുമാതുറ വലിയവിളാകം സജീർ-ബുഷ്റ ദമ്പതികളുടെ മകൻ ഷഹാന്റെ (19) മൃതദേഹമാണ് ഇന്നലെ സന്ധ്യയോടെ പുലിമുട്ടിന് സമീപം കണ്ടെത്തിയത്.
ചൂണ്ടയിടാനെത്തിയവരാണ് മൃതദേഹം കണ്ടത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽ വള്ളം ചരിഞ്ഞു. ഈ സമയം ഷഹാൻ വള്ളത്തിൽ നിന്ന് ചാടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അൽ അമീൻ സുരക്ഷിതമായി തീരത്തെത്തി. ഷഹാന്റെ മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം സംസ്‌കാരം നടത്തും. ഷഹനാസ്,ഷിബിൻ എന്നിവർ സഹോദരങ്ങളാണ്.
ഫോട്ടോ: ഷഹാൻ