തിരുവനന്തപുരം: സംസ്‌കാര സാഹിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രൊഫഷണൽ നാടകോത്സവവും സാംസ്‌കാരികോത്സവവും സംഘടിപ്പിക്കും.18 മുതൽ 23 വരെ ഭാരത് ഭവനിലെ മണ്ണരങ്ങിൽ വിദഗ്ദ്ധ സമിതി തിരഞ്ഞെടുത്ത അഞ്ച് നാടകങ്ങൾ അവതരിപ്പിക്കും. ഒന്നാം സമ്മാനം നേടുന്ന നാടകത്തിന് 55555 രൂപയും പുരസ്‌കാരവുമാണ് സമ്മാനം.18ന് വൈകിട്ട് 5ന് കെ.സി. വേണുഗോപാൽ എം.പി നാടകോത്സവം ഉദ്ഘാടനം ചെയ്യും. 22ന് സുകുമാർ സ്മാരക പുരസ്‌കാരം നടൻ ഇന്ദ്രൻസിന് രമേശ് ചെന്നിത്തല നൽകും. 23ന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്,കെ. മുരളീധരൻ,അടൂർ പ്രകാശ്,സൂര്യാ കൃഷ്ണമൂർത്തി,കൃഷ്ണ പൂജപ്പുര തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംസ്‌കാര സാഹിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ദിവസവും വൈകിട്ട് ആറ് മുതൽ നാടകാവതരണം നടക്കും.18ന് വംശം,19ന് ആകാശത്തൊരു കടൽ, 20ന് താഴ്‌വാരം,21ന് പകലിൽ മറഞ്ഞിരുന്നൊരാൾ,22ന് കാലം പറക്കണ് തുടങ്ങിയ നാടകങ്ങൾ അവതരിപ്പിക്കും.സമാപന സമ്മേളനത്തിൽ സാഹിതി തിയറ്റേഴ്‌സിന്റെ മുച്ചീട്ടു കളിക്കാരന്റെ മകൾ എന്ന നാടകം അവതരിപ്പിക്കും. പത്രസമ്മേളനത്തിൽ സംസ്‌കാര സാഹിതി ചെയർമാൻ സി.ആർ. മഹേഷ് എം.എൽ.എ, സൂര്യാകൃഷ്ണ മൂർത്തി,പൂഴനാട് ഗോപൻ,ഒ.എസ്. ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.