l

തിരുവനന്തപുരം: തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന പ്രിയപ്പെട്ട അദ്ധ്യാപകൻ പ്രൊഫ.ടി.കെ.തമ്പിക്ക് നാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ വൈകിട്ട് തമ്പുരാൻമുക്കിലെ വസതിയിലെ ശുശ്രൂഷകൾക്കുശേഷം പാറ്റൂർ സെന്റ് പീറ്റേഴ്സ് ചർച്ചിൽ മരണാനന്തരച്ചടങ്ങുകൾ നടന്നു. ദീപിക പത്രത്തിന്റെയും ജീവൻ ടി.വിയുടെയും മുൻ ഡയറക്ടറായിരുന്നു. വസ്ത്രധാരണത്തിന് വലിയ പ്രാധാന്യം നൽകിയിരുന്ന അദ്ദേഹത്തിന്റെ പ്രിയ വേഷം സഫാരി സ്യൂട്ടായിരുന്നു. പൊതുഇടങ്ങളിൽ സ്യൂട്ട് ധരിച്ചാണ് അദ്ദേഹം സഞ്ചരിച്ചിരുന്നത്. മുപ്പത്ത് വർഷക്കാലം തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ ഫ്രഞ്ച് പ്രൊഫസറായിരുന്നു ടി.കെ.തമ്പി. അദ്ധ്യാപനകാലത്ത് അനവധി വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി. പാർശ്വവത് ക്കരിക്കപ്പെട്ട ധാരാളം കുട്ടികളെ ചേർത്തുപിടിച്ചു. സ്നേഹവും ചെറുപുഞ്ചിരിയും മുഖമുദ്ര‌യാക്കിയതുവഴി മറ്റ് അദ്ധ്യാപകർക്കിടയിലും പേരെടുത്തു. 'അറിവ് നേടുംതോറും എളിമ കൂടും' എന്നതിന് ഉദാഹരണമാണ് അദ്ദേഹത്തിന്റെ ജീവിതം. ലയൺസ് ക്ലബ്, വൈസ് മെൻ എന്നീ സംഘടനകളുടെ പ്രസിഡന്റായിരിക്കെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി. അണ്ണാമലൈ യൂണിവേഴ്സിറ്റിയിലായിരുന്നു പഠനം. ഫ്രഞ്ചിലും തമിഴിലും അസാമാന്യ പാണ്ഡിത്യം കൈമുതലായിരുന്നു. ഈ ഭാഷകളിൽ അനവധി കവിതകളെഴുതി. അദ്ദേഹം എഴുതിയ ഗ്രന്ഥങ്ങൾ ഇന്നും വിദ്യാർത്ഥികളും സർവകലാശാലകളും റഫറൻസിനായി ഉപയോഗിക്കുന്നു. സംസ്ഥാന സർക്കാരിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് ഉപയോഗിച്ച ഫ്രഞ്ച് പാഠപുസ്തകങ്ങളുടെ എഡിറ്ററുമായിരുന്നു.