s

തിരുവനന്തപുരം: കേരള സർവകലാശാലയിൽ സസ്‌പെൻഷനിലായ രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ സസ്‌പെൻഷൻ കാലത്ത് ഓഫീസിൽ ഹാജരായി 522 ഫയലുകളിൽ തീർപ്പ് കൽപ്പിച്ചതായി രജിസ്ട്രാർ വി.സിക്ക് റിപ്പോർട്ട് നൽകി. ഈ കാലയളവിൽ വിദേശ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. ഓഫീസിൽ ഹാജരാകരുതെന്ന വി.സിയുടെ വിലക്ക് അവഗണിച്ചാണിത്. ഈ കാലയളവിൽ സ്വന്തം നിലയിൽ തീർപ്പ് കൽപ്പിച്ച ഫയലുകളുടെ വിശദവിവരങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജോയിന്റ് രജിസ്ട്രാർ സിന്ധു ജോർജിനെ വി.സി ഡോ.മോഹനൻ കുന്നുമ്മൽ ചുമതലപ്പെടുത്തി. നാല് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. ചില സിൻഡിക്കേറ്റ് അംഗങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സസ്‌പെൻഷൻ കാലയളവിൽ ഡോ.അനിൽകുമാർ ദിവസവും ഓഫീസിൽ ഹാജരായിരുന്നത്. ഈ കാലയളവിൽ പ്ലാനിംഗ് ഡയറക്ടർ ഡോ.മിനി കാപ്പനായിരുന്നു രജിസ്ട്രാറുടെ ചുമതല നൽകിയിരുന്നതെങ്കിലും ഫയലുകൾ അനിൽകുമാർ മിനി കാപ്പന് അയയ്ക്കാൻ വിസമ്മതിച്ചിരുന്നു. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിന്റെ റിപ്പോർട്ട് നൽകാനും വി.സി മെക്കാനിക്കൽ എൻജിനിയർക്ക് നിർദ്ദേശം നൽകി.