പാലോട്: പട്ടികജാതി-വർഗ പിന്നോക്ക ക്ഷേമവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം വിവിധ പരിപാടികളോടെ ഞാറനീലി ഡോ.അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നടന്നു. പരിസര ശുചീകരണം, ലഹരി വിരുദ്ധ ക്ലാസ്സ്, പോസ്റ്റർ നിർമ്മാണ മത്സരം, ആരോഗ്യ ബോധവത്കരണം, മാതൃഭാഷ പരിമിതികൾ പരിഹരിക്കുന്നതിനായുള്ള പദ്ധതി, പച്ചതുരുത്ത് നിർമ്മാണം, പൂന്തോട്ട നിർമ്മാണം, കരിയർ ഗൈഡൻസ് പ്രോഗ്രാം എന്നിവയിൽ നാടുകാണി ട്രൈബൽ ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ മലയാള വിഭാഗം അസ്സിസ്റ്റന്റ് പ്രൊഫസർ രാജേഷ് കെ.എരുമേലി ക്ലാസുകളെടുത്തു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ബോധവത്കരണം, ഗാന്ധി-ഗുരു സംഗമത്തെ അടിസ്ഥാനമാക്കി നടന്ന പ്രഭാഷണം പ്രിൻസിപ്പൽ ഡോ.ജയരാജ് നേതൃത്വം നൽകി. വനാവകാശ നിയമ ബോധവത്കരണം, അട്രോസിറ്റി ആക്ട്, പോഷോ, പോക്സോ എന്നീ വിഷയങ്ങളിൽ ലീഗൽ സർവ്വീസ് സൊസൈറ്റി റിസോഴ്സ് പേഴ്സൺ അഡ്വ.സുരേഷ് ക്ലാസ് നയിച്ചു.സാമൂഹിക നീതിയും ഭരണഘടനയും എന്ന വിഷയത്തിൽ സംസ്ഥാന പട്ടികജാതി-വർഗ്ഗ ഉപദേശകസമിതി അംഗവും അദ്ധ്യാപികയുമായ ഡോ.വിനീതവിജയൻ ക്ലാസ്സ് നയിച്ചു. സ്കൂൾ മാനേജർ ഇൻ ചാർജ്ജ് വൈ.അനി സ്വാഗതം പറഞ്ഞു.