ddd

തുടർ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് ചർച്ച നടക്കുന്നു

തിരുവനന്തപുരം: സി.പി.ഐയിൽ നിന്ന് പുറത്താക്കിയ ജില്ലാ കൗൺസിൽ അംഗം മീനാങ്കൽ കുമാർ നേതാക്കൾക്കെതിരെ രംഗത്ത്. മന്ത്രി ജി.ആർ.അനിലും ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനുമാണ് തന്റെ പുറത്താക്കലിന് പിന്നിലെന്ന് അദ്ദേഹം ആഞ്ഞടിച്ചു.ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നതും നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നത് തടയാനും ഇരുവരും നടത്തിയ നീക്കമാണ് പുറത്താക്കൽ.ഇരുവരും നടത്തിയ സാമ്പത്തിക ക്രമക്കേടുകളും അഴിമതിയും വരുംദിവസങ്ങളിൽ വെളിപ്പെടുത്തും. എനിക്കെതിരെ ഇത്തരത്തിലുള്ള യാതൊരു കുറ്റവും കണ്ടെത്താൻ ആർക്കും കഴിയില്ല. രാഷ്ട്രീയ ജീവിതത്തിൽ അഴിമതിയുടെ കറപുരണ്ടിട്ടില്ല. മുൻപ് രണ്ടുവട്ടം നെടുമങ്ങാട് സ്ഥാനാർത്ഥിയായി എന്നെ പരിഗണിച്ചപ്പോഴും ഇരുവർക്കുമായി മാറിക്കൊടുത്തു. വീണ്ടും എന്റെ വളർച്ച തടയാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

സംസ്ഥാന സമ്മേളത്തിൽ വച്ച് എന്നെ സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കി. പിന്നാലെ ജില്ലാ എക്‌സിക്യൂട്ടീവിൽ നിന്നും മാറ്റി. പരസ്യപ്രതികരണം നടത്തി, ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു എന്നിങ്ങനെയുള്ള കാരണങ്ങൾ പറഞ്ഞാണ് ഇപ്പോൾ പുറത്താക്കിയത്. ഇത് ഗൂഢാലോചനയാണ്. എന്നെ പുറത്താക്കിയതുകൊണ്ട് വിഷയം അവസാനിക്കുന്നില്ല. ചാരിറ്റബിൾ ട്രസ്റ്റിന്റെ കഴിഞ്ഞദിവസം നടന്ന യോഗത്തിൽ പങ്കെടുത്തതിൽ ബഹുഭൂരിപക്ഷവും പാർട്ടിക്കാരാണ്. അവർ എനിക്കൊപ്പമുണ്ട്. രാഷ്ട്രീയ നിലപാടുകളെക്കുറിച്ചുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. വിവിധ രാഷ്ട്രീയ കക്ഷികൾ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അത്തരം കാര്യങ്ങളിലേക്ക് പോയിട്ടില്ല.

ആരും സംസാരിച്ചില്ല!

സംസ്ഥാന കൗൺസിലിൽ നിന്ന് പുറത്താക്കുന്നതിന് മുമ്പോ ശേഷമോ എന്നോട് നേതാക്കളാരും ഇക്കാര്യം സംസാരിച്ചില്ല. 1990മുതൽ പാർട്ടി അംഗമായ എന്നോട് യാതൊരുവിധ മാന്യതയും നേതൃത്വം കാട്ടിയില്ല.എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയെന്ന ദൗത്യവും കൃത്യമായി നിർവഹിച്ചു വരികയായിരുന്നു.

സംഘടിത വ്യവസായ മേഖലയിലും അസംഘടിത തൊഴിലാളി മേഖലയിലും പരമ്പരാഗത വ്യവസായ മേഖലയിലും തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിച്ച് ഒട്ടേറെ പ്രക്ഷോഭപരിപാടികളും ക്യാമ്പെയിനുകളും സംഘടിപ്പിച്ച് എ.ഐ.ടി.യു.സിയെ ജില്ലയിലെ പ്രധാന തൊഴിലാളി പ്രസ്ഥാനമാക്കി. 7വർഷംകൊണ്ട് ജില്ലയിൽ കൂടുതൽ മേഖലകളിൽ ട്രേഡ് യൂണിയൻ ശക്തിപ്പെടുത്താനും അംഗത്വം വർദ്ധിപ്പിക്കാനായതും എ.ഐ.ടി.യു.സിക്ക് നേട്ടമായി.