തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണക്കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനും തൊണ്ടി മുതൽ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റാനുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് .

പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പോറ്റിയെ പോറ്റി വളർത്തിയവരെയും കണ്ടെത്തണം. ഇയാളിൽ നിന്ന് ആനുകൂല്യം പറ്റിയവർ ആരെല്ലാം?. എഫ് ഐ ആറിൽ

നിന്ന് തന്നെ ഗൂഢാലോചന വ്യക്തമാണ്. ഒരാൾക്ക് മാത്രമായി ഗൂഢാലോചന നടത്താൻ സാധിക്കില്ല. ദേവസ്വം ബോർഡിനും മോഷണത്തിൽ ഉത്തരവാദിത്തമുണ്ട്. അവരെയും പ്രതികളാക്കി അറസ്റ്റ് ചെയ്യണം. അവരിൽ നിന്ന് തെളിവ് ശേഖരിച്ച് നഷ്ടപ്പെട്ട സ്വർണ്ണം വീണ്ടെടുക്കണം. ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രതിയാക്കിയത് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ്. എന്നിട്ടും ഒന്നര ആഴ്ചയോളം വൈകിയായിരുന്നു അറസ്റ്റ്. ശബരിമലയിൽ നിന്ന് എത്ര സ്വർണ്ണം നഷ്ടപ്പെട്ടെന്നും അത് ആർക്കാണ് വിറ്റതെന്നും കണ്ടെത്തണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.