
ആറ്റിങ്ങൽ: ആറ്റിങ്ങൽ വലിയകുന്ന് ശ്രീപാദം സ്റ്റേഡിയത്തിലെ ഓപ്പൺ ഗ്യാലറിയും പരിസരവും അപകടാവസ്ഥയിൽ. സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന്റെ മുൻ വശത്താണ് നാല് നിരകളുള്ള ഓപ്പൺ ഗ്യാലറി. ഗ്യാലറിയുടെ പിന്നിൽ നിരനിരയായി നിൽക്കുന്ന തണലിനു വേണ്ടിയുള്ള അക്കേഷ്യ മരങ്ങളാണ് കാണികൾക്കും സ്റ്റേഡിയത്തിനും ഭീഷണിയാകുന്നത്. മഴയിലും മണ്ണൊലിപ്പിലും ചുവട്ടിലെ മണ്ണ് ഒലിച്ച് മിക്ക മരങ്ങളുടെയും വേരുകൾ പുറത്തായി. ഇവിടം മണ്ണിടിച്ചിൽ ഭീഷണിയും വ്യാപകമാണ്.
ശക്തമായ മഴയോ കറ്റോ വന്നാൽ മരങ്ങൾ ഗ്യാലറിയിലേക്ക് മറിയുമെന്ന കാര്യം ഉറപ്പാണ്. ഗ്യാലറികളിൽ കാണികളുണ്ടെങ്കിൽ അത് വൻ ദുരന്തത്തിന് കാരണമാകും.സിന്തറ്റിക്ക് ട്രാക്കിൽ കായിക മത്സരങ്ങൾ നടക്കുമ്പോൾ മത്സരങ്ങൾ അടുത്ത് നേരിട്ട് കാണാൻ കഴിയുന്നിടമാണ് ഓപ്പൺ ഗ്യാലറി. മരങ്ങളുടെ വേരുകൾ ആഴ്ന്നിറങ്ങി ഓപ്പൺ ഗ്യാലറിയും തകർന്നുതുടങ്ങി.സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കീഴിലാണ് സിന്തറ്റിക് സ്റ്റേഡിയം.