amalbabu-house

മലയിൻകീഴ്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച
തച്ചോട്ടുകാവ് ആര്യാ നിവാസിൽ അമൽബാബുവിന്(25)നാട് ഒന്നാകെ യാത്രാമൊഴി നൽകി.ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി കുണ്ടമൺകടവിനു സമീപം അമൽബാബുവിന്റെ ബൈക്ക് കാറുമായി ഇടിക്കുകയായിരുന്നു. വേഗത്തിലെത്തിയ ബൈക്ക് കാറിൽ
ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ അമൽബാബുവിന് തലയ്ക്ക് ഗുരുതര
പരിക്കേറ്റ് കിംസ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ 15ന് വൈകിട്ട് 4.30ഓടെ മരണം സംഭവിച്ചു. കുടുംബത്തിന്റെ സമ്മതപ്രകാരം അമൽബാബുവിന്റെ ഹൃദയം ഉൾപ്പെടെ ദാനം നൽകിയിരുന്നു. അപകടദിവസം വീട്ടിൽ നിന്ന് മാതാവ് ഫോൺ ചെയ്തപ്പോൾ ഉടനെ എത്തുമെന്ന് അറിയിച്ചിരുന്നു.എന്നാൽ സമയം കഴിഞ്ഞ് പിതാവ് വിളിച്ചപ്പോൾ മറുപടി ഇല്ലായിരുന്നു.അല്പം നേരം കഴിഞ്ഞപ്പോഴാണ് അപകടവിവരം വീട്ടുകാർ അറിയുന്നത്.വെന്റിലേറ്ററിലായിരുന്ന അമൽബാബു ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു മാതാപിതാക്കൾ പ്രതീക്ഷിച്ചിരുന്നത്.ഇന്നലെ 12 മണിയോടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു.ഉച്ചയ്ക്ക് 2.30 മണിയോടെ ശാന്തികവാടത്തിൽ സംസ്കരിച്ചു.നിരവധി പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. തേങ്ങലും നിലവിളിയുമായി നിന്ന ബന്ധുക്കളെ ആശ്വസിപ്പിക്കാനാകാതെ നാട്ടുകാരും വിഷമത്തിലായി.പൊതുവേ ശാന്ത സ്വഭാവക്കാരനായിരുന്ന അമൽബാബു വീട്ടിലും സുഹൃത്തുക്കളുടെ ഇടയിലും പ്രിയപ്പെട്ടവനായിരുന്നു. അമൽബാബുവിന്റെ ഏക സഹോദരി മരണ വിവരമറിഞ്ഞ് വ്യാഴാഴ്ച വിദേശത്തു നിന്ന് എത്തിയിരുന്നു.

ഹൃദയം,ലിവർ,കിഡ്നി,പാൻക്രിയാസ്,മറ്റ് ആന്തരിക അവയവങ്ങൾ ഉൾപ്പെടെ ദാനം ചെയ്ത അമൽദേവിന് കിംസ് ആശുപത്രി അധികൃതരും ജീവനക്കാരും ആദരം നൽകിയിരുന്നു. മകന്റെ അവയവങ്ങൾ മറ്റുള്ളവർക്ക് ജീവനേകുമെങ്കിൽ അതൊരു ദൈവ നിശ്ചയമാകാമെന്നാണ് പിതാവ് ബാബു (റിട്ട.എസ്.ഐ) പറയുന്നത്. അവരിലൂടെ മകനെ അദൃശ്യമായി കാണാനാകുമെന്നും അദ്ദേഹം കരുതുന്നു. സ്വകാര്യ കൊറിയർ കമ്പനിയിലെ
ഡ്രൈവറായിരുന്നു അമൽബാബു. മാതാവ് ഷിംലാബാബു.

സഹോദരി: ആര്യ.മരണാനന്തരച്ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 8.30 ന്.