ddd

തിരുവനന്തപുരം: വയലാർ രാമവർമ്മയുടെ അമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന വയലാർ സാംസ്കാരികോത്സവത്തിന്റെ പതാക നടൻ മധു കടകംപള്ളി സുരേന്ദ്രന് കൈമാറി. ഇന്ന് വൈകിട്ട് 5ന് പുത്തരിക്കണ്ടത്തെ ഇ.കെ.നായനാർ പാർക്കിൽ സാംസ്കാരിക വേദി പ്രസിഡന്റ് ഡോ.ജി.രാജ്മോഹൻ ഈ പതാക ഉയർത്തുന്നതോടെ സാംസ്കാരികോത്സവത്തിന് തുടക്കമാകും.

ഇന്നലെ നടൻ മധുവിന്റെ വീട്ടിൽ വച്ചാണ് പതാക കൈമാറ്റം നടന്നത്. 'മധുചന്ദ്രിക' എന്ന പേരിൽ നടന്ന ചടങ്ങിൽ വയലാർ വജ്രരത്ന പുരസ്കാരം മധുവിന് കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു. സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു. ഇന്ന് വൈകിട്ട് 5.15ന് ഇ.കെ.നായനാർ പാർക്കിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.വി.കെ.പ്രശാന്ത് എം.എൽ.എ മുഖ്യാതിഥിയാകും.

കലാപരിപാടികളുടെ ഉദ്ഘാടനം ഡോ.ഓമനക്കുട്ടിയും രാജീവ് ആലുങ്കലും നിർവഹിക്കും. ഈ വർഷത്തെ വയലാർ ബാലഭാസ്കർ പ്രതിഭാ പുരസ്കാരം പിന്നണി ഗായകൻ ഹരി ശങ്കരനും വയലാർ നാട്യപ്രഭ പുരസ്കാരം കലാമണ്ഡലം വിമല മേനോനുംനൽകും. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വയലാർ അനുസ്മരണ പ്രഭാഷണം നടത്തും.ദിവസവും വൈകിട്ട് 6ന് നൃത്തപരിപാടിയും രാത്രി 7ന് ഗാനസന്ധ്യയും ഉണ്ടാകും. 27ന് വൈകിട്ട് 5.30ന് സമാപന സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.ആന്റണി രാജു എം.എൽ.എ മുഖ്യാതിഥിയാകും.