
വർക്കല: വർക്കലയുടെ ടൂറിസം സാദ്ധ്യതകൾ ലോകത്തിനു പരിചയപ്പെടുത്താൻ യാനം ഫെസ്റ്റിവൽ ഉതകുമെന്ന് മന്ത്രി റിയാസ് പറഞ്ഞു. സഞ്ചാരികളുടെ കാര്യത്തിൽ വലിയ മുന്നേറ്റം നടത്തിയ ഡെസ്റ്റിനേഷനാണ് വർക്കല. ആ മുന്നേറ്റത്തിന് വേഗം പകരാൻ യാനത്തിലൂടെ സാധിക്കും. സഞ്ചാര സാഹിത്യത്തിന്റെയും ദൃശ്യസഞ്ചാരങ്ങളുടെയും മാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് യാത്രയുമായി ബന്ധപ്പെട്ടവരുടെ ഒത്തുചേരലിനായുള്ള സാഹിത്യോത്സവത്തിന് കേരള ടൂറിസം മുൻകൈ എടുത്തതെന്നും മന്ത്രി പറഞ്ഞു.
ഓരോ മേഖലയിലും വലിയ മുന്നേറ്റം നടത്താനായിട്ടുണ്ട്. ടൂറിസം പ്രചാരണത്തിനായി വ്യത്യസ്ത ആശയങ്ങൾ നടപ്പിലാക്കിവരുന്നു. അത്തരത്തിലൊരു പ്രചാരണ പരിപാടിയാണ് സഞ്ചാരവും സാഹിത്യവും ഒത്തുചേരുന്ന യാനം. ഡെസ്റ്റിനേഷൻ വെഡിംഗ് ആൻഡ് മൈസ് ടൂറിസം കോൺക്ലേവ്, ഉത്തരവാദിത്ത ടൂറിസം കോൺക്ലേവ് തുടങ്ങിയവയിലൂടെ കൂടുതൽ സഞ്ചാരികളെ കേരളത്തിൽ എത്തിക്കാനായി.
വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തികളുടെ കാഴ്ചപ്പാടുകളും യാത്രാനുഭവങ്ങളും പങ്കിടുന്നതിന് ടൂറിസം വകുപ്പ് വേദിയൊരുക്കുന്ന സവിശേഷ സംരംഭമാണ് യാനം ഫെസ്റ്റിവെലെന്ന് മുഖ്യാതിഥിയായ നടിയും ട്രാവൽവ്ളോഗറുമായ അനുമോൾ പറഞ്ഞു.
ഫെസ്റ്റിവെൽ ഡയറക്ടർ സബിൻ ഇക്ബാൽ ആമുഖ വിവരണം നടത്തി. വർക്കല നഗരസഭ ചെയർമാൻ കെ.എം ലാജി, കൗൺസിലർ സി.അജയകുമാർ എന്നിവർ സംസാരിച്ചു.ടൂറിസം വകുപ്പ് സെക്രട്ടറി കെ.ബിജു സ്വാഗതവും ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ) ശ്രീധന്യ സുരേഷ് നന്ദിയും പറഞ്ഞു.