
കല്ലമ്പലം: രൂക്ഷമായ ശുദ്ധജല ക്ഷാമം അനുഭവപ്പെട്ടിരുന്ന പള്ളിക്കൽ പഞ്ചായത്തിലെ വല്ലഭൻകുന്ന്, ഉപ്പുകണ്ടം പ്രദേശങ്ങളിൽ ശുദ്ധജലമെത്തി. വല്ലഭൻകുന്ന് ശുദ്ധജല പദ്ധതിയിലൂടെയാണ് പ്രദേശത്ത് ശുദ്ധജലമെത്തിയത്. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ആർ.അഫ്‌സലിന്റെ ശ്രമഫലമായി ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്ന് ജില്ലാ ഭൂജലവകുപ്പുമായി ചേർന്ന് 10ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.
3000 ലിറ്ററിന്റെ വാട്ടർ ടാങ്കും, ജലം പമ്പ് ചെയ്യുന്നതിനുള്ള മോട്ടർ സ്ഥാപിക്കുന്നതിനും വീടുകളിലേക്കുള്ള ശുദ്ധജല കണക്ഷനുമായി 9 ലക്ഷം രൂപ ചെലവിട്ടു. ഒരു ലക്ഷം രൂപ കുഴൽ കിണർ നിർമ്മിക്കുന്നതിനും ചെലവായി. പദ്ധതിയിലൂടെ പ്രദേശത്തെ 40 കുടുംബങ്ങൾക്ക് ശുദ്ധജലം ലഭിച്ചു. ഇതിൽ ചെങ്ങറ ഭൂസമരത്തിൽ ഉപ്പുകണ്ടത്തിൽ ഭൂമി ലഭിച്ച ആറ് കുടുംബങ്ങളുമുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനം ചെങ്ങറ ഭൂസമരത്തിൽ ഭൂമി ലഭിച്ച കുടുംബത്തിലെ പൊന്നമ്മയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി കുടത്തിൽ ജലം കൈമാറി നിർവഹിച്ചു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ആർ.അഫ്സൽ, ജില്ലാ ഭൂജലവകുപ്പ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ എസ്.ആർ.ശ്രീജേഷ്, ശ്രീജ ഉണ്ണിക്കൃഷ്ണൻ, എസ്.ഷിബ, എ.നൂർജഹാൻ, എ.ഷിബിലി, എസ്.നിസാം, ലിസാനിസാം, എസ്.സുരാജ് തുടങ്ങിയവർ പങ്കെടുത്തു.
വെള്ളമില്ലാത്ത ജൽജീവൻ പദ്ധതി
ജലക്ഷാമം പരിഹരിക്കുന്നതിന് വിവിധ പദ്ധതികൾ ഭൂജലവകുപ്പുമായി ചേർന്ന് നടപ്പാക്കിയെങ്കിലും ശുദ്ധജലം ലഭ്യമാകാത്തതിനാൽ പദ്ധതികൾ ഉപേക്ഷിച്ചു. ഒന്നര വർഷത്തിന് മുൻപ് ജൽ ജീവൻ പദ്ധതി വഴി വീടുകളിലേക്ക് പൈപ്പ് ലൈൻ കണക്ഷൻ നൽകിയെങ്കിലും ജല ലഭ്യത ഇല്ലാത്തതിനാൽ ഉപഭോക്താക്കൾ കണക്ഷൻ ഉപേക്ഷിച്ചു.