
ആറ്റിങ്ങൽ: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥന് ഗുരുതര പരിക്ക്.ആറ്റിങ്ങൽ തച്ചൂർകുന്ന് തോപ്പുവിള്ള വീട്ടിൽ ഭാസിക്കാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8 മണിയോടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.സംസാരശേഷിയും കേൾവി ശേഷിയും ഇല്ലാത്ത ഭാസി ബാർബർ ജോലി ചെയ്താണ് ഉപജീവനമാർഗ്ഗം നോക്കിവരുന്നത്. രാത്രി കട അടച്ച് മടങ്ങിവരുന്ന വഴി വീടിന് മുന്നിൽ വച്ച് കാട്ടുപന്നി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാട്ടുപന്നിയുടെ ആക്രമണത്തിൽ വലതുകാൽ തുടയിൽ 8 തുന്നിക്കെട്ടും, വയറ്റിൽ 2 തുന്നിക്കെട്ടും ഉണ്ട്.കൂടാതെ മുഖത്തും കാൽ വിരലുകൾക്കും പരിക്കുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ ഗൃഹനാഥനെ പ്രദേശവാസികൾ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
ചിത്രം: കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഭാസി.