തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളക്കാരെ സംരക്ഷിക്കാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. സംസ്ഥാനസർക്കാർ നിയമിച്ച ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും ദേവസ്വം കമ്മീഷണറുമാണ് സ്വർണക്കൊള്ളയ്ക്ക് പിന്നിലെന്ന് തെളിഞ്ഞു. പിണറായിയുടെ അടുപ്പക്കാരെ ഒഴിവാക്കി ഇടനിലക്കാരനായ ഉണ്ണികൃഷ്ണൻ പോറ്റിയിലേക്ക് മാത്രം കേസ് ഒതുക്കാനാണ് ശ്രമമെങ്കിൽ അതനുവദിക്കില്ലെന്നും ശക്തമായ പ്രക്ഷോഭം പിണറായി സർക്കാർ നേരിടേണ്ടിവരുമെന്നും അദ്ദേഹം പ്രസ്താവിച്ചു. തന്റെ വിശ്വസ്തരിലേക്ക് അന്വേഷണം നീണ്ടാൽ കൂടുതൽ നടുക്കുന്ന വിവരങ്ങൾ പുറത്തുവന്നേക്കാമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. ഇത്രവലിയ കൊള്ള നടന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.