protest-

ചിറയിൻകീഴ്: അഴൂർ പഞ്ചായത്തിലെ വിവിധ അങ്കണവാടികളിലേക്ക് ഒഴിവുള്ള ടീച്ചർമാരുടെയും ആയമാരുടെയും റാങ്ക് ലിസ്റ്റ് സി.പി.എം ഭരണസമിതി അട്ടിമറിച്ചു എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് അഴൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ റാങ്ക് ലിസ്റ്റ് കത്തിച്ച് പ്രതിഷേധിച്ചു.

പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സജിത്ത് മുട്ടപ്പലം ഉദ്ഘാടനം ചെയ്തു. ഒരു സി.പി.എം പഞ്ചായത്തംഗത്തിന്റെ ഭാര്യ, രണ്ടു ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ ഭാര്യ, ഒരു ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ബന്ധുവടക്കം 14ഓളം പേർ സി.പി.എം പ്രാദേശിക നേതാക്കളുടെ ബന്ധുക്കളാണെന്നും ഈ ലിസ്റ്റ് മരവിപ്പിക്കണമെന്നും അല്ലാത്തപക്ഷം ഹൈക്കോടതിയെ സമീപിക്കുമെന്നും ഉദ്ഘാടനത്തിനിടെ സജിത്ത് പറഞ്ഞു. നേരത്തെ പോത്തൻകോട് ശിശുവികസന ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ ഇന്റർവ്യൂ ബോർഡിൽ സി.പി.എമ്മിന്റെ രണ്ട് ലോക്കൽ കമ്മിറ്റി മെമ്പർമാരെയും ഒരു ഏരിയ കമ്മിറ്റി അംഗത്തെയും ഭരണസമിതി തീരുമാനിച്ചതിലും കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അച്ചു അജയന്റെ നേതൃത്വത്തിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ബിജു ശ്രീധർ, മുൻ മണ്ഡലം പ്രസിഡന്റ് സി.എച്ച്. സജിവ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അജു കൊച്ചാലുംമൂട്, പഞ്ചായത്തംഗങ്ങളായ നസിയ സുധീർ, അൻസിൽ അൻസാരി, യൂത്ത് കോൺഗ്രസ് നേതാക്കളായ സഞ്ജുസുന്ദർ, പ്രേംസിത്താർ, ചന്ദ്രബാബു, റഷീദ് റാവുത്തർ, കറുവാമൂട് നാസർ, പ്രശോഭനൻ എന്നിവർ പങ്കെടുത്തു.