s

തിരുവനന്തപുരം: തന്റെ പഴയ മോഡൽ ബുള്ളറ്റിന്റെ സ്പെയർപാർട്സ് ലഭിക്കാതെ വന്നതോടെയാണ്. റെട്രോ മോഡൽ റോയൽ എൻഫീൽഡ് ബുള്ളറ്റുകളുടെ ഒരു കൂട്ടായ്മ തുടങ്ങണമെന്ന് തിരുമല സ്വദേശിയായ രാജേഷിന് തോന്നിയത്.തുടർന്ന് റെട്രോ മോഡലുകൾ മാത്രം ഉപയോഗിക്കുന്ന ഏഴുപേരുമായി ചേർന്ന് ഒരുവർഷം മുൻപൊരു കൂട്ടായ്മ തുടങ്ങി.കൂട്ടായ്മ തുടങ്ങിയതോടെ രാജേഷിന് മനസിലായി, കമ്പനികൾ പോലും നിർമ്മാണം നിറുത്തിയ ബുള്ളറ്റുകളെ സ്നേഹിക്കുന്നവർ വേറെയുമുണ്ടെന്ന്

റോയൽ എൻഫീൽഡ് റെട്രോ റൈഡേഴ്സ് എന്ന ക്ലബിൽ ഇപ്പോൾ ജില്ലയിലാകെ 60ഓളം അംഗങ്ങളുണ്ട്. ഇവർക്കെല്ലാമുണ്ട്, 1960-70 കാലഘട്ടങ്ങളിലിറങ്ങിയ റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ. 60 മോഡൽ ജി2, 70 മോഡൽ ബി, ബി സീരീസ് തുടങ്ങിയ മോഡലുകളാണ് കൂടുതൽ പേർക്കുമുള്ളത്. ചിലർക്ക് രണ്ടും മൂന്നും വാഹനങ്ങളുണ്ട്. ഇടയ്ക്ക് മാനവീയം വീഥിയിൽ റൈഡർമാർ ഒത്തുകൂടും. ലഹരി ഉൾപ്പെടെയുള്ള സാമൂഹ്യവിഷയങ്ങൾക്കെതിരെ ബുള്ളറ്റ് റൈഡിംഗിലൂടെ ബോധവത്കരണം നടത്തും. മാസത്തിലൊരിക്കൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് റൈഡ് പോകും. വർഷത്തിലൊരിക്കെ ലോംഗ് റൈഡും. സ്പെയർപാർട്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും. സർക്കാർ രജിസ്റ്റേർഡ് ക്ലബാണിത്. സി.ഐ.എസ്.എഫ് കമ്മാൻഡർ അഭിഷേക് ചൗദരി ഉൾപ്പെടെ ക്ലബിലെ സജീവംഗമാണ്. കഴിഞ്ഞദിവസം തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ്മയെയും ക്ലബിന്റെ റെട്രോ വാഹനശേഖരം അദ്ഭുതപ്പെടുത്തി.

പഴമയുടെ ത്രിൽ

പഴയ വാഹനങ്ങൾ ഓടിക്കാൻ എളുപ്പമല്ലെന്നും അതിലാണ് ത്രില്ലെന്നും മെഡിക്കൽ റെപ്രസന്റീവ് കൂടിയായ രാജേഷ് പറയുന്നു.എളുപ്പത്തിൽ സ്റ്റാർട്ടാവില്ല. എന്നാൽ, ഉപയോഗിച്ചുതുടങ്ങിയാൽ സൗകര്യപ്രദമായിരിക്കും. ഒറ്റനോട്ടത്തിൽ വാഹനങ്ങൾ പഴയതാണോയെന്ന് അറിയാനാവില്ല. വാഹനങ്ങളെക്കുറിച്ച് നന്നായി അറിയുന്നവർക്ക് എൻജിൻ കണ്ടാൽ മനസിലാക്കാം.