vijay-

അമരാവതി: ടി.വി.കെ നേതാവ് വിജയ്‌യെ എൻ.ഡി.എ പാളയത്തിലെത്തിക്കാൻ തെലുങ്ക് സൂപ്പർതാരവും ആന്ധ്രപ്രദേശ് ഉപമുഖ്യമന്തിയുമായ പവൻ കല്യാൺ രംഗത്ത്. വിജയ്‌യുമായി ഫോണിൽ സംസാരിച്ച പവൻ കല്യാൺ അദ്ദേഹത്തെ എൻ.ഡി.എയിലേക്ക് ക്ഷണിച്ചു. വിജയ് അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ലെന്നാണ് സൂചന.

പവൻകല്യാൺ രൂപീകരിച്ച ജനസേന പാർട്ടി ഇപ്പോൾ എൻ.ഡി.എയുടെ ഭാഗമാണ്. ആന്ധ്രപ്രദേശിൽ തെലുങ്ക് ദേശം പാർട്ടിയെ തിരികെ എൻ.ഡി.എയിൽ എത്തിച്ചതിൽ മുഖ്യപങ്കുവഹിച്ചത് പവൻ കല്യാണായിരുന്നു. വൻ ഭൂരിപക്ഷത്തോടെ ആന്ധ്രയിൽ എൻ.ഡി.എ ജയിക്കുകയും ചെയ്തു. ഈ അനുഭവം മുന്നിൽവച്ചാണ് കേന്ദ്രമന്ത്രി അമിത്ഷായുടെ നിർദ്ദേശാനുസരണം പവൻകല്യാൺ രംഗത്തിറങ്ങിയതെന്നാണ് സൂചന. ദീപാവലി ആശംസകൾ നേർന്നുകൊണ്ടായിരുന്നു പവൻകല്യാൺ വിജയ്‌യോട് സംസാരിച്ചു തുടങ്ങിയത്. സംഭാഷണത്തിനിടയിൽ തിരഞ്ഞെടുപ്പ് സഖ്യത്തെക്കുറിച്ച്, വിജയ് എടുക്കുന്ന തീരുമാനം ഡി.എം.കെ സർക്കാരിനെ പുറത്താക്കുന്നതിനു വേണ്ടിയായിരിക്കണമെന്ന് പവൻകല്യാൺ പറഞ്ഞു. അണ്ണാ ഡി.എം.കെയുമായും ബി.ജെ.പിയുമായും ടി.വി.കെ കൈകോർത്താൽ അത് ഈസിയായി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അധികാരം കിട്ടുമ്പോൾ ഉപമുഖ്യമന്ത്രി സ്ഥാനമാണ് ഇപ്പോൾ അഭികാമ്യമെന്ന് പവൻകല്യാൺ തന്റെ അനുഭവംചൂട്ടിക്കാണ്ടി വിജയ്‌യെ ഉപദേശിച്ചതായാണ് സൂചന 'നിങ്ങൾ നേരിടുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. നിങ്ങൾ ഇപ്പോഴും ചെറുപ്പമാണ്. പാർട്ടി നടത്തുന്നതിലും ഭരണത്തിൽ അനുഭവം നേടുന്നതിലും ഉപമുഖ്യമന്ത്രി സ്ഥാനം ഒരു പ്രധാന പങ്ക് വഹിക്കും'. എന്നായിരുന്നുവത്രേ ഉപദേശം.

തന്റെ സഹോദരനും തെലുങ്ക് മെഗാസ്റ്റാറുമായ ചിരഞ്ജിവിയുടെ രാഷ്ട്രീയപ്രവേശം പാളിയതും പവൻകല്യാൺ വിജയ്‌യെ ഓർമ്മിപ്പിച്ചുവെന്നാണ് ജനസേന നേതാക്കൾ നൽകുന്ന സൂ‌ചന.

ചിരഞ്ജീവി 2008ലാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. അതേ വർഷം തിരുപ്പതിയിൽ നടന്ന ഒരു പൊതുയോഗത്തിൽ 'പ്രജാ രാജ്യം' എന്ന പേരിൽ ഒരു പാർട്ടി ആരംഭിച്ചു. എട്ടു മാസത്തിനു ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ ചിരഞ്ജീവി ആന്ധ്രയിലെ മുഖ്യമന്ത്രിയാകുമെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധർ പ്രവചിച്ചിരുന്നു. എന്നാൽ 2009 ലെ പൊതുതെരഞ്ഞെടുപ്പിൽ, പ്രജാ രാജ്യം പാർട്ടിക്ക് 18 സീറ്റുകൾ മാത്രമാണ് കിട്ടിയത്. ബാലകൊല്ലു, തിരുപ്പതി എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്ന് ചിരഞ്ജീവി മത്സരിച്ചു. തിരുപ്പതിയിൽ മാത്രമാണ് അദ്ദേഹം വിജയിച്ചത്.