k

തിരുവനന്തപുരം: രമ്യയ്‌ക്ക് 60 സെക്കൻഡ് മതി 116 ലോഗോകൾ കണ്ട് പേരുപറയാൻ. അതായത് സെക്കൻഡിൽ രണ്ട് ലോഗോ. എല്ലാം ലോകത്തെ പ്രമുഖ കമ്പനികളുടെ ലോഗോകൾ. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ലോഗോകൾ കണ്ടു പറഞ്ഞതിന്റെ ലോക റെക്കാഡിന്റെ അവകാശിയും തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ രമ്യാ ശ്യാമാണ്. ഓസ്ട്രേലിയൻ പൗരനെയാണ് മറികടന്നത്.
യു.എസ്.ടിയിൽ പ്രൊപ്പോസൽ മാനേജരാണിപ്പോൾ. അതുവഴി പരിചയപ്പെട്ട ക്ലയന്റുകളിലൂടെയാണ് കമ്പനികളുടെ ലോഗോയെക്കുറിച്ച് പഠിച്ചത്. തുടർന്ന് ക്ലയിന്റുകൾ പ്രതിനിധീകരിക്കുന്ന കമ്പനികളുടെ ലോഗോ ശ്രദ്ധിച്ചുതുടങ്ങി.

ഫിനാൻസ് ആൻഡ് മാർക്കെറ്റിംഗിൽ എം.ബി.എയ്ക്ക് ശേഷമാണ് രമ്യ യു.എസ്.ടിയിലെത്തിയത്. മാർക്കറ്റിംഗ് മേഖലയായതിനാൽ ലോഗോ ഡിസൈൻ, നിറങ്ങൾ എന്നിവ ശ്രദ്ധിച്ചിരുന്നു. സുഹൃത്തായ ശ്രുതിയിലൂടെയാണ് ഗിന്നസ് റെക്കാഡുകളെക്കുറിച്ച് കൂടുതലറിഞ്ഞത്.

ഭക്ഷണം, വാഹനം തുടങ്ങിയ രംഗങ്ങളിലുള്ള 500 കമ്പനികളുടെ ലോഗോ മനഃപാഠമാക്കിയ ശേഷമാണ് റെക്കാഡിന് അപേക്ഷിച്ചത്. ജോലിക്കിടയിലെ ഒഴിവുസമയത്തും അതിരാവിലെയുമായിരുന്നു പരിശീലനം. മാസവും 65 ലോഗെയെങ്കിലും പഠിച്ചെടുത്തു. എൻവിഡിയ, ഫെരാരി തുടങ്ങിയ കമ്പനികളുടെ ലോഗോകൾ ഓർമ്മിക്കാൻ പ്രയാസമാണെന്ന് രമ്യ പറയുന്നു. ഫിസിയോതെറാപ്പിസ്റ്റായ രാഹുലാണ് ഭർത്താവ്. മകൻ: മാനവ് (ക്രൈസ്റ്റ് നഗർ സ്‌കൂൾ).

 മത്സരത്തിന് യു.എസ്.ടിയും

രമ്യ ജോലി ചെയ്യുന്ന യു.എസ്.ടിയുടെ ലോഗോയും മത്സരത്തിനുണ്ടായിരുന്നു. മത്സര ദിവസത്തോട് അടുത്തപ്പോൾ മാനസികസമ്മ‌ർദ്ദം കൂടി ഉറക്കക്കുറവുണ്ടായി. തുടർന്ന് ധ്യാനം പരിശീലിച്ചു. ഉറക്കവും ഭക്ഷണവും ക്രമീകരിച്ചു. ലാപ്ടോപ്പിൽ നോക്കിയാണ് പഠിച്ചത്. ലോഗോ പഠനം തുടരണമെന്നും രമ്യ പറയുന്നു.