
മുടപുരം: കൊയ്ത്തുയന്ത്രം വയലിൽ താഴ്ന്നുപോകുന്നതിനാൽ വിളവെടുക്കാനാകാതെ മുടപുരത്തെ നെൽക്കർഷകർ ദുരിതത്തിൽ. മഴവെള്ളം ഒഴുകിപ്പോകാതെ വയലിൽ തന്നെ കെട്ടിക്കിടക്കുന്നതിനാലാണ് കൊയ്ത്തുയന്ത്രം താഴ്ന്നുപോകുന്നത്.വയലിന് സമീപത്തുള്ള മുക്കോണി തോട്ടിലൂടെ വെള്ളം ഒഴുകിപ്പോകാത്തതിനാലാണ് വയലിൽ ചെളിയുണ്ടാകുന്നത്. തോട് നികന്നതിനാലാണ് വെള്ളം ഒഴുകാത്തതെന്ന് കർഷകർ പറയുന്നു.
തൊഴിലാളികളുടെ ലഭ്യതക്കുറവും കൊയ്ത്തുയന്ത്രത്തിന്റെ പ്രശ്നവും കാരണം 25 ഹെക്ടർ വിസ്തൃതിയുള്ള മുടപുരം തെങ്ങുംവിള പാടശേഖരത്ത് ഇത്തവണ 10 ഹെക്ടറിൽ മാത്രമേ കൃഷിയിറക്കിയുള്ളൂ. ഒന്നാംവിള കഴിഞ്ഞയാഴ്ചയാണ് കൊയ്തെടുക്കേണ്ടിയിരുന്നത്. അതിനായി പാലക്കാട്,തൊടുപുഴ സ്ഥലങ്ങളിൽ നിന്ന് കൊയ്ത്തുയന്ത്രം കൊണ്ടുവന്നെങ്കിലും,യന്ത്രം വയലിൽ താഴ്‌ന്നുപോകുന്നതിനാൽ ഭാഗികമായി മാത്രമേ കൊയ്ത്ത് നടന്നുള്ളൂ. ബാക്കിയുള്ളത് തൊഴിലാളികളെക്കൊണ്ടാണ് കൊയ്തെടുത്തത്. തൊഴിലാളികളുടെ ക്ഷാമവും കൊയ്ത്തിന് മറ്റൊരു പ്രതിസന്ധിയായി.
തോട്ടിലും തോടിന്റെ ഇരുവരമ്പുകളിലും വളർന്നുനിൽക്കുന്ന മരങ്ങളും പാഴ്ച്ചെടികളും വെട്ടിമാറ്റി,പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്ത് തോട് വൃത്തിയാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
കഴിഞ്ഞ 2 വർഷമായി പാടത്ത് വെള്ളം കെട്ടിനിൽക്കുന്നു
നഷ്ടം മാത്രം
കൊയ്‌തെടുത്ത് കറ്റകളായി കെട്ടി വയൽ വരമ്പത്ത് അടുക്കിവച്ചു. കൊണ്ടുപോകാൻ താമസിച്ചതോടെ കനത്ത മഴയിൽ കറ്റയിലെ നെല്ലഴുകി കുരുത്തു. ആ നിലയിലും നഷ്ടം വന്നു.
തൊഴിലാളി ക്ഷാമവും
തൊഴിലുറപ്പിനായി തൊഴിലാളികൾ പോയിത്തുടങ്ങിയതോടെ കൃഷിപ്പണിക്ക് ആളെ കിട്ടുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.10 ഹെക്ടർ നെൽപ്പാടത്ത് ഞാറ് നടുന്നതിനായി ലഭിച്ചത് 6 തൊഴിലാളികളെ മാത്രമാണ്.അതിനാൽ യഥാസമയം ഞാറുനടാൻ കഴിഞ്ഞില്ല.അവർ ഒരുമാസം കൊണ്ടാണ് ഞാറ് നട്ടത്.
മുക്കോണി തോട്
അഴൂർ പഞ്ചായത്തിലെ ചേമ്പുംമൂല പാടശേഖരത്തിനും കിഴുവിലം പഞ്ചായത്തിലെ തെങ്ങുംവിള പാടശേഖരത്തിനും നടുവിലൂടെയാണ് മുക്കോണി തോട് പോകുന്നത്. അനേക വർഷങ്ങളായി മുക്കോണി തോട് വൃത്തിയാക്കാത്തതിനാൽ തോടിന്റെ ആഴം കുറഞ്ഞു. അതിനാൽ വയലിനെക്കാൾ പൊക്കത്തിലാണ് തോട് സ്ഥിതിചെയ്യുന്നത്. ഇതിനാലാണ് വയലിൽ വെള്ളം കയറുന്നത്.വെള്ളം കയറുന്നതിനാൽ വർഷങ്ങളായി ചേമ്പുംമൂല പാടശേഖരം കൃഷിയിറക്കാതെ തരിശിട്ടിരിക്കുകയാണ്.
ഉള്ളത് പഴയ ട്രാക്ടർ
നിലം ഉഴുകുന്നതിനായി ഭാരമുള്ള പഴയ ട്രാക്ടറാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.ഇത് മണ്ണിളകുന്നതിന് കാരണമാകുന്നു.അതുമാറ്റി പുതിയ ഭാരം കുറഞ്ഞ ത്രില്ലർ ഉപയോഗിച്ചാൽ പരിഹാരമാകുമെന്ന് കർഷകർ പറയുന്നു. പഴയ യന്ത്രങ്ങൾ മാറ്റി ആധുനിക കാർഷിക ഉപകരണങ്ങൾ അധികൃതർ നൽകണമെന്നും കർഷകർ ആവശ്യപ്പെടുന്നു.