
തിരുവനന്തപുരം: സാഗരകന്യക' ശില്പത്തെ പരസ്യചിത്രത്തിൽ വികലമായി ചിത്രീകരിച്ചതിനെതിരേ ശില്പി കാനായി കുഞ്ഞിരാമൻ രംഗത്ത്. ശില്പി പ്രതികരിച്ചതിനെ തുടർന്ന് പരസ്യ ബോർഡ് നീക്കുകയും ആശുപത്രി അധികാരികൾ കാനായിയെ വിളിച്ച് മാപ്പു പറയുകയും ചെയ്തു.നഗരത്തിൽ ചെന്തിട്ട ഭാഗത്ത് വച്ച പരസ്യബോർഡിലാണ് ശില്പിയുടെ അനുമതിയില്ലാതെയും വികലമായും ശംഖുംമുഖം സാഗരകന്യകയുടെ ചിത്രം മാറിടം നഷ്ടപ്പെട്ട രീതിയിൽ ചിത്രീകരിച്ചത്.
സ്തനാർബുദ പരിശോധനയുടെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനായി,ശില്പത്തിന്റെ മാറിടം മുറിച്ചുമാറ്റിയ നിലയിൽ പരസ്യത്തിൽ അവതരിപ്പിക്കുകയായിരുന്നു.ഇങ്ങനെ ചെയ്യാൻ പാടില്ലെന്നും ശില്പത്തെ അവഹേളിക്കലാണിതെന്നും അദ്ദേഹം പറഞ്ഞു.''അവർ ഫോണിൽ വിളിച്ച് മാപ്പു പറഞ്ഞു.ബോർഡ് മാറ്റിയെന്നും പറഞ്ഞു.പരസ്യം തയ്യാറാക്കിയ ആൾ കുറച്ചു പക്വത കാണിക്കേണ്ടതായിരുന്നു.മാറിടം നഷ്ടപ്പെടുന്നത് ഒരു സ്ത്രീക്കും സഹിക്കില്ല.അത് ഏത് രീതിയിൽ ചിത്രീകരിച്ചാലും ശരിയായില്ല'' ശില്പി വ്യക്തമാക്കി.
സദുദ്ദേശത്തോടെയാണ് പരസ്യം നല്കിയതെന്നും സ്തനാർബുദ ബോധവത്കരണമാണ് ലക്ഷ്യമിട്ടതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.87അടി നീളവും 25അടി പൊക്കവുമുള്ള സാഗരകന്യക രണ്ടുവർഷമെടുത്താണ് കാനായി പൂർത്തീകരിച്ചത്.ലോകത്തിലെ ഏറ്റവുംവലിയ ജലകന്യകാ ശില്പത്തിനുള്ള ഗിന്നസ് റെക്കോഡിൽ ഇടംപിടിച്ചിരുന്നു.