d

തിരുവനന്തപുരം: പാലക്കാട്ട് എലപ്പുള്ളി പഞ്ചായത്തിൽ 636 കോടിചെലവിൽ സ്ഥാപിക്കാനുദ്ദേശിച്ച

എഥനോൾ,മദ്യ നിർമ്മാണശാലയ്ക്ക് പ്രവർത്തനാനുമതിയായില്ല. ഇന്നലെ ചേർന്ന കേരള സ്റ്റേറ്റ് സിംഗിൾ വിൻഡോ ക്ളിയറൻസ് ബോർഡ് (ഏകജാലക സംവിധാനം) യോഗത്തിൽ ഇക്കാര്യം പരിഗണനയ്ക്ക് എടുത്തെങ്കിലും വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ക്ളിയറൻസ് കിട്ടാത്തതിനാൽ തത്കാലത്തേക്ക് മാറ്രിവച്ചു.

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഭൂമി തരംമാറ്റത്തിന് അനുമതി കിട്ടിയില്ല.

പദ്ധതി നടത്തിപ്പിലുള്ള എതിർപ്പ് കൃഷി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമി ഇത്തരം ആവശ്യത്തിന് വിട്ടുനൽകാനാവില്ലെന്ന നിലപാടാണ് കൃഷിവകുപ്പിന്. എന്നാൽ പദ്ധതി നടത്തിപ്പിന് വേണ്ട അഞ്ച് ഏക്കർ സ്ഥലത്തിന്റെ തരംമാറ്രം വേഗത്തിലാക്കാൻ ഇന്നലത്തെ യോഗത്തിൽ ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. ഈ നടപടി പൂർത്തിയാക്കിയാൽ പദ്ധതിക്ക് അനുമതി നൽകുന്നത് വീണ്ടും പരിഗണിക്കും.

ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് എഥനോൾ,​ ഇ.എൻ.എ,​ ഇന്ത്യൻ നിർമ്മിത വിദേശമദ്യ നിർമാണം,​ ബ്രൂവറി എന്നിവയുൾപ്പെട്ട പദ്ധതി സ്ഥാപിക്കാൻ സർക്കാരിനെ സമീപിച്ചത്. എന്നാൽ ഭൂമി തരംമാറ്റി നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കി 2024 ആഗസ്റ്റ് 29 ന് കൃഷി വകുപ്പ് ആർ.ഡി.ഒയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. 2008 വരെ ഇവിടെ നെൽകൃഷി ഉണ്ടായിരുന്നതായാണ് കൃഷിവകുപ്പ് വ്യക്തമാക്കിയത്.

മാത്രമല്ല രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ് ഇത്. കൃഷി വകുപ്പിന് പുറമെ ജലവിഭവ വകുപ്പ്,​എക്സൈസ്,​പരിസ്ഥിതി തുടങ്ങിയ വകുപ്പുകളുടെ ക്ളിയറൻസും കിട്ടാനുണ്ട്. സംസ്ഥാന തല പരിസ്ഥിതി കമ്മിറ്റിയുടെ ക്ളിയറൻസും ലഭിക്കേണ്ടതുണ്ട്.