f

വടക്കാഞ്ചേരി : ഭർത്താവിനെ താനുമായി അകറ്റുകയാണെന്ന് ആരോപിച്ച് മരുമകൾ വൃദ്ധയായ അമ്മായിഅമ്മയുടെ കണ്ണിലേക്ക് കുരുമുളക് സ്‌പ്രേ അടിച്ചു. കണ്ണിന് സാരമായി പരിക്കേറ്റ 81 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്കക്കാട് റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന ചെറുപാറ വീട്ടിൽ സനലിന്റെ ഭാര്യ അനുവാണ് (38) അക്രമം നടത്തിയത്.

ഭർത്തൃമാതാവ് സരസ്വതി താമസിക്കുന്ന വീട്ടിലെത്തിയ യുവതി ഭർത്താവ്, മാതാവിനോടൊപ്പം താമസിക്കുന്നതിനെ ചൊല്ലി വഴക്കുണ്ടാക്കി. കൈയിൽ കരുതിയ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയായിരുന്നു. അമ്മയെ രക്ഷപ്പെടുത്താൻ ഓടിയെത്തിയ ഭർത്തൃസഹോദരന്റെ കൈയിൽ കടിച്ച് പരിക്കേൽപ്പിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി സനലും, അനുവും പിണങ്ങിക്കഴിയുകയാണ്. ഭർത്താവ് അമ്മയോടൊപ്പം കഴിയുന്നതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. യുവതിയെ കസ്റ്റഡിയിലെടുത്തു.