
തിരുവനന്തപുരം: രക്തദാനം പ്രോത്സാഹിപ്പിക്കാനുള്ള പൊലീസിന്റെ ക്യാമ്പിലെത്തി രക്തം ദാനം ചെയ്ത് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. പൊലീസ് സ്‌മൃതി ദിനത്തോടനുബന്ധിച്ച് പൊലീസിന്റെ സന്നദ്ധ രക്തദാന പദ്ധതിയായ പോൽ-ബ്ലഡ് പൊലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച ക്യാമ്പിലാണ് ഡി.ജി.പി രക്തദാനം നടത്തിയത്. കേരളത്തെ സമ്പൂർണ സന്നദ്ധ രക്തദാന സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പൊലീസിന്റെ ചുവടുവയ്പാണിതെന്ന് ഡി.ജി.പി പറഞ്ഞു.
ദക്ഷിണ മേഖലാ ഐ.ജി എസ്. ശ്യാംസുന്ദർ, പൊലീസ് ആസ്ഥാനത്തെ എ.ഐ.ജിമാരായ മെറിൻ ജോസഫ്,സുജിത് ദാസ് എസ് എന്നിവരും രക്തദാനം നടത്തി. സംസ്ഥാനമാകെ നടത്തിയ 65 മെഗാരക്തദാന ക്യാമ്പുകളിൽ 884 പൊലീസുദ്യോഗസ്ഥരടക്കം 1472പേർ രക്തദാനം നടത്തി. പോൽ ബ്ലഡിന്റെ 1,828 ബ്ലഡ് ഡൊണേഷൻ ക്യാമ്പുകളിലൂടെ ഇതുവരെ 73,395 യൂണിറ്റ് രക്തം ലഭ്യമാക്കി. പോൽ ആപ്പ് മുഖേന 1,14,732 പേർ സന്നദ്ധ രക്തദാതാക്കളായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.