s

തിരിച്ചെടുക്കുന്ന വീഡിയോ ചിത്രീകരിച്ചു, ആരോഗ്യ വകുപ്പിന് അതൃപ്തി

തിരുവനന്തപുരം : സമര രംഗത്തുള്ള വിതരണക്കാർക്ക് ഹൃദയ ശസ്ത്രക്രിയാ ഉപകരണങ്ങൾ വിട്ടു നൽകി സർക്കാരിനെ വെട്ടിലാക്കി കോട്ടയം മെഡിക്കൽ കോളേജ് അധികൃതർ. ഉപകരണങ്ങൾ തിരിച്ചെടുക്കാനെത്തിയ കമ്പനി പ്രതിനിധികൾക്ക് കാത്ത് ലാബിലും ഐ.സിയുവിലും സൂക്ഷിച്ചിരുന്ന സ്റ്റെന്റ് ഉൾപ്പെടെയുള്ളവ അധികൃതർ കൈമാറി.

അതേ സമയം, തിരുവനന്തപുരം മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിങ്ങളിൽ നിന്ന് ഉപകരണങ്ങൾ തിരിച്ചെടുക്കാനെത്തിയെങ്കിലും അധികൃതർ ചർച്ച നടത്തി കമ്പനി പ്രതിനിധികളെ മടക്കി അയച്ചു. കടുത്ത നടപടികളിലേക്ക് പോയാൽ തുടർന്ന് സഹകരിക്കാനാകില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്.

കോട്ടയം മെഡിക്കൽ ആശുപത്രിയുടെ അധീനതയിലുള്ള ഉപകരണങ്ങൾ കമ്പനികൾക്ക് വിട്ടു നൽകിയതിൽ ആരോഗ്യ വകുപ്പ് അധികൃതരും അതൃപ്തരാണ്. ഉപകരണങ്ങൾ തിരിച്ചെടുത്ത് കാത്ത് ലാബിന് മുന്നിൽ വച്ച് ഇത് വീഡിയോ ചിത്രീകരിക്കാൻ അവസരവും ആശുപത്രി അധികൃതർ ഒരുക്കി. മറ്റ് ആശുപത്രികളിലെത്തിയ കമ്പനി പ്രതിനിധികൾ കുടിശിക തീർക്കാൻ സർക്കാറിന് പത്ത് ദിവസത്തെ സമയം നൽകി. സെപ്തംബർ മുതൽ പുതിയ സ്റ്റോക്ക് വിതരണം നിറൂത്തി വച്ചിരിക്കുകയാണ്. ഇതോടെ നാല് ആശുപത്രികളിലെയും ഹൃദയ ശസ്ത്രക്രിയകൾ പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണ്. മാർച്ച് വരെയുള്ള കുടിശ്ശിക തീർക്കണമെന്നാണ് വിതരണക്കാരുടെ ആവശ്യം. 159 കോടി രൂപയായിരുന്നു കുടിശ്ശിക. ഇതിൽ 30 കോടി മാത്രമാണ് സർക്കാർ നൽകിയത്.