
തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവൻ ഉപദേശിച്ചത് സനാതന ധർമ്മമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. മാർഗദർശക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ സന്യാസിമാർ നയിക്കുന്ന ധർമ്മസന്ദേശ യാത്രയുടെ സമാപന സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഗാന്ധിപാർക്ക് മൈതാനത്തായിരുന്നു ചടങ്ങ്.
1924ൽ ആലുവയിൽ സർവമത സമ്മേളനം സംഘടിപ്പിച്ച് ഗുരുദേവൻ പറഞ്ഞത് മത പരിവർത്തനം ആവശ്യമില്ലെന്നാണ്. എല്ലാ മതങ്ങളുടെയും സാരം ഏകമാണ്. മതം ഏതുമാകട്ടെ മനുഷ്യൻ നന്നായാൽ മതി. അതുകൊണ്ട് ആരും ആരെയും മാറ്റാനും മറിക്കാനും നിൽക്കേണ്ടതില്ല. ഓരോരുത്തരും നിൽക്കുന്നിടത്തുതന്നെ നിന്നാൽ മതി.
1927ൽ ഒരു ജാതി, ഒരു മതം,ഒരു ദൈവം മനുഷ്യനെന്നും ഗുരു ഉപദേശിച്ചു. അത് ഒരു സനാതനമായ മതമാകുന്നു. മതപരിവർത്തനം കൂടിയേ തീരൂ എന്ന് നിർബന്ധമുണ്ടെങ്കിൽ ഈ സനാതന ധർമ്മത്തിലേക്ക് മതം മാറിക്കൊള്ളൂയെന്നായിരുന്നു ഗുരുദേവൻ പറഞ്ഞത്.
കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ധർമ്മസന്ദേശം നൽകി. സംബോധ് ഫൗണ്ടേഷൻ കേരള ആചാര്യൻ സ്വാമി അദ്ധ്യത്മാനന്ദ സരസ്വതി ആമുഖ ഭാഷണം നടത്തി. സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ, സ്വാമി വിവിക്താനന്ദ സരസ്വതി, മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി, മഹാമണ്ഡലേശ്വർ പ്രഭാകരാനന്ദ സരസ്വതി, സ്വാമി ശ്രീശക്തി ശാന്താനന്ദ ഋഷി തുടങ്ങിയവർ സംസാരിച്ചു.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ സന്യാസിമാരെ തുളസീഹാരം അണിയിച്ച് പഞ്ചവാദ്യത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയാണ് സമാപനവേദിയിലേക്ക് ആനയിച്ചത്.