vayalar

വയലാർ രാമവർമ്മ ഇല്ലാതിരുന്ന അമ്പതുവർഷം അത്ര ചെറിയ കാലയളവല്ല. എന്നിട്ടും നമ്മൾ അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും ഏറെ ഹൃദയവർജ്ജകമായിത്തന്നെ ആസ്വദിച്ചു പോരുന്നു. നാല്പത്തേഴാം വയസിൽ അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണമുണ്ടാകുന്നതിന് കേവലം അഞ്ചു മാസങ്ങൾക്കു മുമ്പ് ആ തൂലികയിൽ പിറന്ന ഒരു ചലച്ചിത്രഗാനം പതിവിലേറെ ജനശ്രദ്ധ നേടിയെന്നതിനാൽ 'സ്ഥാലീപുലാകന്യായ" പ്രകാരം (സ്ഥാലി = കലം, പുലാകം = ചോറ്; അതായത് കലത്തിലെ ചോറ് വെന്തോ എന്നറിയാൻ അതിലെ ഒരു വറ്റെടുത്തു നോക്കിയാൽ മതി എന്ന ന്യായം) അതിനെ മുൻനിറുത്തി,​ കവിയുടെ രചനാശൈലി എത്രത്തോളം സമീചീനമാണ് എന്നു പരിശോധിക്കാനുള്ള ശ്രമമാണ് ഇത്.

കെ. സുകു എന്നു വിളിപ്പേരുള്ള കെ. സുകുമാരൻ സ്വന്തം കഥയെ അടിസ്ഥാനപ്പെടുത്തി ജഗതി എൻ.കെ. ആചാരിയെക്കൊണ്ട് തിരക്കഥയും സംഭാഷണവും എഴുതിച്ച് സംവിധാനം ചെയ്ത് 1975-ൽ പുറത്തുവന്ന 'കൊട്ടാരം വില്‌ക്കാനുണ്ട്" എന്ന ചിത്രത്തിലാണ് ഈ ഗാനം നമ്മൾ കേട്ടത്. പാട്ടിറങ്ങി അധികം വൈകാതെ തന്നെ അത് ആസ്വാദകരുടെയുള്ളിൽ പ്രതിഷ്ഠ നേടി. ജി. ദേവരാജന്റെ സംഗീതത്തിൽ യേശുദാസും മാധുരിയും വെവ്വേറെ പാടിയ ആ ഗാനം ഇങ്ങനെ ആരംഭിക്കുന്നു: 'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം/ ഇന്ദ്രധനുസ്സിൽ തൂവൽ കൊഴിയും തീരം..."

കവിയുടെ ബോധമനസിലും ഉപബോധമനസിലും കുടികൊണ്ടിരുന്ന അദമ്യമായ മോഹത്തിന്റെ പ്രതിഫലനമാണ് ഈ ഗാനം. ആദ്യത്തെ ഈരടിയിലൂടെ കവി ഭൂമിയുടെ സൗന്ദര്യത്തെ വാഴ‌്‌ത്തുന്നു. ചന്ദ്രകളഭം (നിലാവ്) ചാർത്തിയുറങ്ങുകയും,​ ഇന്ദ്രധനുസിന്റെ (മഴവില്ലിന്റെ ) തൂവൽ കൊഴിയുകയും ചെയ്യുന്ന മനോഹരമായ തീരത്താണ് താൻ പാർക്കുന്നതെന്ന ആഹ്ളാദദായകമായ യാഥാർത്ഥ്യം അതിലൂടെ വെളിപ്പെടുത്തുകയാണ് വയലാർ. ഒരു പടികൂടി കടന്നു ചിന്തിച്ചാൽ,​ കവി പറയുന്ന ഈ മനോഹരതീരം മലയാളക്കരയാണെന്നും വരാം. വിദേശികൾ കേരളത്തെ സ്വപ്നതീരം (dream land) എന്നാണല്ലോ വിശേഷിപ്പിക്കുന്നത്.

എന്നിട്ട്,​ കവി വിനയാന്വിതനായി ഈ ഭൂമിയോടുതന്നെ ചോദിക്കുന്നു; തനിക്ക് ഇനിയൊരു ജന്മം കൂടി ഇവിടെത്തരുമോ എന്ന്. കവിയുടെ ആർജ്ജവമാർന്ന ഈ അപേക്ഷ ആരുടെയുള്ളിലും ചലനം സൃഷ്ടിക്കുമെന്നതിൽ സംശയമൊന്നുമില്ല. അതു പരിഗണിക്കണമേ എന്ന പ്രാർത്ഥനയായിരിക്കും ഈ പാട്ടു കേൾക്കുന്ന ഏത് ആസ്വാദകനിലും ഉളവാകുക.

കവി ഇങ്ങനെ ആഗ്രഹം പ്രകടിപ്പിക്കാൻ കാരണമെന്താണെന്ന് ഒരുപരിധിവരെ പല്ലവിയിൽ വ്യക്തമാക്കിയെങ്കിലും തുടർന്നുള്ള വരികളിൽ അതിനുള്ള കൂടുതൽ ന്യായോക്തികൾ അദ്ദേഹം നിരത്തുന്നുമുണ്ട്.

'ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ

മാനസസരസുകളുണ്ടോ

സ്വപ്നങ്ങളുണ്ടോ, പുഷ്‌പങ്ങളുണ്ടോ

സ്വർണ്ണമരാളങ്ങളുണ്ടോ..."

ഭൂമിയെ ഹരിതഗ്രഹം എന്നാണ് വിശേഷിപ്പിക്കാറുള്ളത്. അതിനു കാരണമായി വർത്തിക്കുന്നത് സസ്യങ്ങളുടെയും ആൽഗകൾ (ഭൂമിയിലെ ആദ്യത്തെ സസ്യവിഭാഗം) പോലെയുള്ള സൂക്ഷ്മാണുക്കളുടെയും സാന്നിദ്ധ്യമാണ്. ശാസ്‌ത്രം വികസിച്ചതോടെ ഭൂമിയുടെ ഉയർന്ന വ്യക്തതയുള്ള ചിത്രങ്ങൾ (high definition pictures) ഇന്റർനെറ്റിലും മറ്റും നമുക്കd കാണാൻ കഴിയുന്നുണ്ട്. എന്നാൽ നിത്യഹരിതയാം ഭൂമി എന്ന് വയലാർ പ്രയോഗിച്ചപ്പോൾ ഇപ്പറഞ്ഞ ശാസ്ത്രതത്ത്വങ്ങളിൽ പലതും വെളിപ്പെട്ടിട്ടില്ലെങ്കിലും ഈ കവിയുടെ ക്രാന്തദർശിത്വം അതിനു സഹായകമായിത്തീർന്നു.

ഇങ്ങനെയുള്ള ഭൂമിയിൽ മാത്രമേ മാനസസരസുകളും സ്വപ്നങ്ങളും പുഷ്പങ്ങളും സ്വർണ്ണമരാളങ്ങളും (മരാളം = അരയന്നം) കാണുകയുള്ളൂ എന്ന് നമ്മെ ബോധപൂർവം ഓർമ്മിപ്പിക്കുകയാണ് അദ്ദേഹം. ശ്രദ്ധിക്കുക, ഇപ്പോൾ ഇവിടെ പറഞ്ഞതെല്ലാം ഏതൊരു കവിയുടെയും സർഗാനുഷ്ഠാനത്തിന് ആവശ്യമായ കാവ്യബിംബങ്ങളാണ്.

ഭൂമിക്ക് ധാരാളം പര്യായപദങ്ങൾ നിലവിലുണ്ടെങ്കിലും ഇവിടെ വസുന്ധര എന്ന വാക്കുകൊണ്ടുതന്നെ സംബോധന വേണമെന്ന കവിയുടെ നിഷ്‌കർഷയെ നാം പ്രത്യേകം ശ്ളാഘിച്ചേ മതിയാവൂ. കാരണം ആ പദം പ്രധാനമായും ഭൂമിയെയാണ് അർത്ഥമാക്കുന്നതെങ്കിലും,​ സമ്പത്തിന്റെയും സമൃദ്ധിയുടെയും അധിദേവതയായ ഭൂമിയുടെ ഒരു പേരായും ധാരാളം വിഭവങ്ങൾ നൽകുന്ന ഭൂമിയോടുള്ള ആദരസൂചകമായും ഉപയോഗിക്കാറുണ്ടെന്ന് ദീർഘദർശിയായ വയലാറിന് നന്നായറിയാം.

ഇവിടെ 'വസുന്ധരേ" എന്ന സംബുദ്ധി രണ്ടുതവണ പാടാൻ പാകത്തിൽ ഗാനം ചിട്ടപ്പെടുത്തിയ ജി. ദേവരാജന്റെ ഗണ്യമായ സംഭാവനകൂടി എടുത്തുപറയേണ്ടതുണ്ട്. എഴുതിക്കിട്ടിയ ഗാനത്തിന്റെ വരികൾക്കപ്പുറം ചില തനതു സംഭാവനകൾ സംഗീതസംവിധായകന് നൽകാനാവുമെന്നതിന്റെ ഉത്തമദൃഷ്ടാന്തമായി മാറിയിരിക്കുന്നു ഈ ഗാനം.

'ഈ വർണ്ണസുരഭിയാം ഭൂമിയിലല്ലാതെ

കാമുകഹൃദയങ്ങളുണ്ടോ

സന്ധ്യകളുണ്ടോ, ചന്ദ്രികയുണ്ടോ

ഗന്ധർവ ഗീതമുണ്ടോ..."

ചന്ദ്രികയിലെ ഗന്ധർവഗീതം

ഭൂമിയുടെ മനോഹരിതയെ ഇവിടെ ഒന്നുകൂടി പൊലിപ്പിക്കുകയാണ് വയലാർ. അതുകൊണ്ടാണ് വർണമാർന്നതും സുരഭിലവുമാണ് ഭൂമിയെന്ന് അദ്ദേഹം എടുത്തുപറഞ്ഞിരിക്കുന്നത്. പിന്നീടുള്ളതെല്ലാം കവിയുടെ കാഴ്ചപ്പാടോടെ അവതരിപ്പിക്കുന്നവയാണ്. കാമുകഹൃദയങ്ങൾ, സന്ധ്യകൾ, ചന്ദ്രിക, ഗന്ധർവഗീതം ഇവയൊക്കെയില്ലാത്ത ഭൂമി എത്ര വിരസമായിരിക്കുമെന്ന് പര്യാലോചിക്കാൻ വേണ്ടിയുള്ള പരോക്ഷമായ സൂചന ഈ വരികളിൽ അന്തർലീനമായുണ്ട്. ഇവിടെ എടുത്തുപറഞ്ഞിരിക്കുന്നവയെല്ലാം ഭൂമിയുടെ സൗന്ദര്യത്തെ ഉത്തേജിപ്പിക്കാൻ പോന്നവയാണ്. എല്ലാം കൂടിച്ചേരുമ്പോൾ മാത്രമാണ് ഭൂമിയിലെ ജീവിതം സംതൃപ്തദായകവും ഐശ്വര്യപൂർണവുമാകുന്നത് എന്നു സാരം.

സൗന്ദര്യോപാസകനായ കവി അറിയാതെ തന്നെ പുറത്തുവന്ന വാക്കുകളാണ് ഈ ഗാനത്തിലുടനീളം മുഴങ്ങുന്നത്. 'മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ?" എന്നാണ് അനുപല്ലവിയിലെ ചോദ്യമെങ്കിൽ ഈ ചരണത്തിലെത്തുമ്പോൾ അത് 'കൊതിതീരുംവരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?" എന്നാകുന്നു. രണ്ടായാലും ആരും ഈ ഭൂമിയോട് വിടപറയുന്നത് മനസോടെയല്ല എന്ന് അടയാളപ്പെടുത്തുകയാണ് അദ്ദേഹം.

ഈ കവിയുടെ മരണസമയത്തും പിന്നീടും ധാരാളംപേർ എടുത്തുപറഞ്ഞ ഗാനമാണിത്.

മരണമില്ലാത്ത കാവ്യജീവിതം

ഈ മണ്ണിൽ ജീവിച്ചു മതിയാകാതെ നാല്പത്തേഴാം വയസിൽ എന്നെന്നേക്കുമായി അദ്ദേഹത്തിന് മടങ്ങേണ്ടിവന്നു എന്ന ദുഃഖസത്യത്തെ അംഗീകരിച്ചുകൊണ്ടാണ് പലരും ഈ പാട്ടിനെക്കുറിച്ച് വാചാലരായത്. നിയമസഭാ സാമാജികനായിരുന്ന പി.ടി. തോമസ് അന്ത്യാഭിലാഷമായി ആവശ്യപ്പെട്ടത്,​ അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കുന്ന സമയത്ത് ഈ ഗാനം താഴ്ന്ന ശബ്ദത്തിൽ കേൾപ്പിക്കണം എന്നായിരുന്നല്ലോ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പി.ടിയുടെ ആ ആഗ്രഹം മരണാനന്തരം സാധിച്ചുകൊടുക്കുകയും ചെയ്തു.

'ഇല്ലെനിക്കൊരിക്കലും മരണം, തുറുങ്കുകൾ/ ക്കുള്ളിലിട്ടൊരുനാളുമടയ്ക്കാനാവില്ലെന്നെ!" എന്നെഴുതി 'എനിക്കു മരണമില്ല" എന്ന് മുൻകൂട്ടി പ്രഖ്യാപിച്ച കവിയാണ് വയലാർ രാമവർമ്മ. അതിപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇക്കാലമത്രയും (അതെ, ഈ അരനൂറ്റാണ്ടു കാലമത്രയും) അദ്ദേഹത്തിന്റെ കവിതകളായാലും ഗാനങ്ങളായാലും വർത്തമാനകാലത്തു പിറന്ന സൃഷ്ടികളെപ്പോലെ നൂതനങ്ങളായി നിലകൊള്ളുന്നത്. കവി പാടിയതു തന്നെയാണ് ശരി. അദ്ദേഹത്തിന് ഒരിക്കലും മരണമില്ല.