
'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു... മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു..." കാലത്തിനു മുമ്പേ സഞ്ചരിച്ച കവിയുടെ തൂലിക, ക്രാന്തദർശിത്വത്തോടെയുള്ള ഈ വരികൾ ചുരത്തിയത് 1972- ലാണ്. കവിയുടെ നൊമ്പരപ്പെടുത്തുന്ന വിയോഗത്തിന് അരനൂറ്റാണ്ട് പൂർത്തിയാവുമ്പോൾ ദൈവത്തിന്റെയും മതത്തിന്റെയും പേരിലുള്ള പങ്കുവയ്ക്കലുകളുടെ വിവാദപ്പെരുക്കത്തിൽ ആശങ്കപ്പെടുകയാണ് സമൂഹം. മണ്ണും മനസും മാത്രമല്ല, പൊന്നും പങ്കുവയ്ക്കുന്ന കെട്ട കാലം. അയത്നലളിതമായി, ചിന്തോദ്ദീപകമായ ഈ വരികൾ അന്ന് ആസ്വാദക മനസുകളിലെ തിരശീലയിൽ കോറിയിട്ടത് വയലാർ അല്ലാതെ മറ്റാര്?
മഹാകാവ്യം എഴുതാതെ, മഹാകവിപ്പട്ടം ചൂടാതെ, പാട്ടെഴുത്തിന്റെ മാന്ത്രിക വലയത്തിൽ മലയാളത്തെ ആവാഹിച്ചു നിറുത്തിയ വയലാർ രാമവർമ്മ! അദ്ദേഹമെഴുതിയ ഓരോ പാട്ടും ഒന്നാന്തരം കവിതകളുമായിരുന്നു. യഥാർത്ഥത്തിൽ കവിതയെയും ഗാനശാഖയെയും വേർതിരിച്ചുനിറുത്തി നിരൂപക ബുദ്ധികൾ തീർത്ത ചുവരുകൾ അർത്ഥശൂന്യമെന്ന് അടിവരയിടുകയായിരുന്നു വയലാർ. ആയിഷ, എനിക്കു മരണമില്ല, മുളങ്കാട് തുടങ്ങിയ കാവ്യസമാഹാരങ്ങൾ ആസ്വാദകർ നെഞ്ചേറ്റിയതും മറന്നുകൂടാ. അദ്ദേഹം തുറന്നുവച്ച മായാജാലക വാതിലിലൂടെ കാവ്യദേവത പാട്ടായും കവിതയായും കയറിയിറങ്ങി വിഹരിച്ചു.
പക്ഷെ, എന്തുചെയ്യാം- ആർത്തലച്ചു നിന്ന രചനാവൈഭവത്തിന്റെ പച്ചോലത്തണുപ്പിനു കീഴെ സ്വച്ഛമായി ഉറങ്ങാനും ഉണരാനും മലയാള മനസിനെ കാലം അധികം അനുവദിച്ചില്ല. എങ്കിലും പ്രണയത്തിലും വിരഹത്തിലും വേദനയിലും വേർപാടിലും ആമോദത്തിലും ആദ്ധ്യാത്മികതയിലും ഇപ്പോഴും ഒപ്പമുണ്ട്, നമ്മുടെ വയലാർ. ശാസ്ത്രത്തെയും യുക്തിചിന്തകളെയും ഇരുവശവും നിറുത്തി സമൂഹവുമായി സംവദിപ്പിക്കാൻ അദ്ദേഹത്തിനായി. വയലാർ എഴുതിയത് ഏടുകളിലല്ല, മാനവഹൃദയങ്ങളിലായിരുന്നു.
വിപ്ളവത്തിലെ സ്വപ്നസഞ്ചാരം
മലയാളിക്ക് ആരായിരുന്നു വയലാർ? കവിയുമല്ല, പാട്ടെഴുത്തുകാരനുമല്ല. മനസിലേക്ക് ആവേശവും കുളിരും കോരിയിടുന്ന പറഞ്ഞറിയിക്കാനാവാത്ത വികാരം. 'സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ/ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും" എന്ന വരികളിലുണ്ട് അദ്ദേഹത്തിന്റെ മാനവിക ദർശനം. വിപ്ളവത്തിന്റെ നാടായ വയലാറിൽ ജനിച്ച രാമവർമ്മ കമ്യൂണിസ്റ്ര്, പുരോഗമന പ്രസ്ഥാനങ്ങളുടെ ഓരം ചേർന്നായിരുന്നു എപ്പോഴും നടപ്പ്.
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ശതവാർഷികത്തോടനുബന്ധിച്ച് 1957-ൽ കേരളത്തിൽ സംഘടിപ്പിച്ച ചടങ്ങുകൾ ഉദ്ഘാടനം ചെയ്യാനെത്തിയത് അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദായിരുന്നു. ശിപായി ലഹളയിലെ രക്തസാക്ഷികളെ സ്മരിച്ചുകൊണ്ട് വയലാർ എഴുതി, ജി. ദേവരാജൻ ചിട്ടപ്പെടുത്തിയ 'ബലികുടീരങ്ങളേ..." എന്ന ഗാനം കോരിത്തരിപ്പോടെയാണ് സദസ് കേട്ടത്. കഥാവശേഷരായ കെ.എസ്. ജോർജും സി.ഒ. ആന്റോയും കെ.പി.എ.സി സുലോചനയും മറ്റ് നിരവധി ഗായകരും ചേർന്നാലപിച്ച ആ ഗാനം ഇന്നും കമ്യൂണിസ്റ്ര് പ്രസ്ഥാനങ്ങളുടെ പൊതുപരിപാടികളിലെ ആമുഖഗാനമാണ്.
'ഈശ്വരൻ ഹിന്ദുവല്ല, ഇസ്ലാമല്ല, ക്രിസ്ത്യാനിയല്ല, ഇന്ദ്രനും ചന്ദ്രനുമല്ല" എന്ന ദാർശനിക പൊരുളുള്ള ഗാനം ചമച്ച വയലാറിന്റെ രചനാമൂശയിൽത്തന്നെയാണ്, 'ശബരിമലയിൽ തങ്ക സൂര്യോദയം", 'തേടിവരും കണ്ണുകളിൽ ഓടിയെത്തും സ്വാമി", 'ചെത്തി മന്ദാരം തുളസി,.." തുടങ്ങിയ ഭക്തി തുളുമ്പുന്ന ഗാനങ്ങളും വാർത്തെടുത്തത് എന്നത് വൈരുദ്ധ്യത്തിലെ സൗന്ദര്യം. 'തങ്കത്താഴിക കുടമല്ല, താരാപഥത്തിലെ രഥമല്ല/ ചന്ദ്രബിംബം കവികൾ പുകഴ്ത്തിയ സ്വർണ്ണമയൂരമല്ല..." എന്ന വരികളിൽ അദ്ദേഹത്തിന്റെ ശാസ്ത്രബോധമാണ് നിഴലിക്കുന്നത്.
മനുഷ്യർക്കിടയിൽ മാത്രമല്ല , ദൈവങ്ങൾക്കിടയിൽപ്പോലും പാവങ്ങളും ജന്മികളുമുണ്ടെന്ന് ഭംഗ്യന്തരേണ രേഖപ്പെടുത്തുന്ന വയലാർ (ആലുവാപ്പുഴയ്ക്കക്കരെ ഒരു പൊന്നമ്പലം/ അവിടത്തെ കൃഷ്ണനു രത്നകിരീടം...), ജീർണ്ണിച്ച വ്യവസ്ഥിതിക്കെതിരെ അസ്ത്രം തൊടുക്കുകയായിരുന്നു. ദൈവികത്വത്തിൽ ചാലിച്ച് അസമത്വത്തെ ഇത്ര സമർത്ഥമായി വരച്ചുകാട്ടാൻ വയലാറിലെ കവിയ്ക്കല്ലാതെ മറ്റാർക്ക് സാധിക്കും!
അച്ഛന്റെ കാവ്യനിധി
കൗമാരത്തിന്റെ തുടക്കത്തിൽത്തന്നെ കൈവിട്ടു പോയ സ്നേഹത്തിന്റെ മയിൽപ്പീലിത്തുണ്ടാണ് വയലാർ ശരത്ചന്ദ്രവർമ്മയ്ക്ക്, അച്ഛൻ വയലാർ. നന്നായിയൊന്നു വിടർത്തി, വർണവൈവിദ്ധ്യത്തിന്റെ ചമത്കാരഭംഗി കണ്ട് കൊതിതീരുംമുമ്പേ കൈവിട്ടു പോയ നിധി. പാട്ടുതിരക്കിന്റെയും ചങ്ങാതിക്കൂട്ടത്തിന്റെയും നടുവിലായിരുന്ന അച്ഛനും വിദ്യാർത്ഥിയായിരുന്ന മകനും തമ്മിൽ വീട്ടിലെ കൂടിക്കാഴ്ചകൾ അപൂർവമായിരുന്നു. എങ്കിലും വീട്ടിലുള്ള പല സമയത്തും അച്ഛന്റെ സ്നേഹവായ്പ് അറിയാനായിട്ടുണ്ട്, കൊച്ചു ശരത്തിന്.
ചില സമയങ്ങളിൽ മകനെ വിളിച്ചിരുത്തി പാട്ടു പാടിക്കും. 'സുമംഗലീ നീ ഓർമ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം" എന്ന പാട്ടാണ് അധികവും പാടിച്ചിരുന്നത്. മനസിരുത്തിയാണ് അദ്ദേഹം അത് കേട്ടിരുന്നതെന്ന് പിന്നീട് തനിക്കു തോന്നിയിട്ടുണ്ടെന്ന് ശരത്തിന്റെ സാക്ഷ്യം. എന്നാൽ മകനെ പാട്ടെഴുത്തുകാരനാക്കാനും പാട്ടുകാരനാക്കാനും അദ്ദേഹം തീരെ ആഗ്രഹിച്ചിരുന്നില്ലെന്നതാണ് സത്യം. ശരത്ചന്ദ്ര വർമ്മയെ ഡോക്ടറാക്കാനായിരുന്നു അച്ഛന്റെ ആഗ്രഹം. അകാലത്തിൽ പൊലിഞ്ഞുപോയ അച്ഛനോടൊപ്പം ആ മോഹവും യാത്രയായി. എന്നിട്ടും താൻ പാട്ടിന്റെ വിഴിയിലെത്തിയത് നിയോഗമെന്ന് ശരത്ത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: 'എന്തൊക്കെയോ മിച്ചം വച്ചിട്ടാണ് അദ്ദേഹം പോയത്. അവസാനകാലത്ത് അച്ഛൻ എഴുതിയ ഒരു കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്: 'അച്ഛനു പാടാനെഴുതിയ ഗാനം കൊച്ചുമകനു തരാം ഞാൻ, മുറിഞ്ഞ ഗാനം മുഴുവിക്കുക നീ, മുഴുമിക്കുകയെൻ മൗനം!" സിനിമയെ തേടി താൻ പോയില്ലെങ്കിലും സിനിമയുടെ ഗാനശാഖയിലേക്ക് താൻ ക്ഷണിക്കപ്പെട്ടത് അച്ഛന്റെ മേൽവിലാസ ബലത്തിലാണെന്നും ശരത്ചന്ദ്ര വർമ്മ ഓർക്കുന്നു.
പാദസരമിട്ട ആലുവാപ്പുഴ
1300- ലേറെ ചലച്ചിത്ര ഗാനങ്ങൾ രചിച്ചിട്ടുള്ള വയലാറിന്റെ പാട്ടെഴുത്തിന് നേർസാക്ഷ്യം വഹിക്കാൻ ശരത്തിന് ഒരിക്കലേ ഭാഗ്യം ലഭിച്ചിട്ടുള്ളൂ. ആലുവാ ഗസ്റ്റ് ഹൗസിലിരുന്ന് 'ആയിരം പാദസരങ്ങൾ കിലുങ്ങി..." എന്ന വരികൾ ആ തൂലികയിൽ നിന്ന് ഉതിർന്നുവരുമ്പോൾ കൊച്ചു ശരത്തിന് അറിയില്ലായിരുന്നു, കാലത്തെ പിന്നിലാക്കി മുന്നേറുന്ന ഒരു പാട്ടിന്റെ പിറവിയാണ് അതെന്ന്. അന്ന് കളമശ്ശേരി രാജഗിരി സ്കൂളിൽ പഠിക്കുകയാണ് ശരത്. അവിടെ നിന്ന് വിളിപ്പിക്കുകയായിരുന്നു. സ്കൂളിൽ നിന്നെത്തുമ്പോൾ അച്ഛൻ എഴുതുകയാണ്, ആലുവാപ്പുഴയുടെ നിറുത്താതെയുള്ള ഒഴുക്കിനെപ്പറ്രി.
എല്ലാം പറയുമ്പോഴും അച്ഛനെ അറിഞ്ഞു തീർക്കാനായില്ലെന്ന സങ്കടം ശരത്ചന്ദ്ര വർമ്മയുടെ മനസിലെ കനലാണ്. മക്കൾക്കുവേണ്ടി ആ അച്ഛൻ കരുതി വച്ച വലിയ സമ്പാദ്യമാണ് ലോകമെമ്പാടുമുള്ള മലയാളികൾ ചൊരിയുന്ന കളങ്കമില്ലാത്ത സ്നേഹം. ജീവിച്ചിരുന്നപ്പോൾ അറിയില്ലായിരുന്നു, ആ മഹാമേരുവിന്റെ വലിപ്പം എന്നതാണ് ഇപ്പോൾ മകൻ തിരിച്ചറിയുന്ന യാഥാർത്ഥ്യം. ശരത്തിന് രണ്ടു വയസുള്ളപ്പോൾ മുതൽ അച്ഛൻ എഴുത്തിന്റെ തിരക്കുമായി മദ്രാസിലായിരുന്നു. വൈകാതെ മകൻ ബോർഡിംഗിലേക്കും മാറി. 'അതുകൊണ്ടു തന്നെ ജീവിതത്തിൽ അച്ഛനുമായി ഇടപഴകാൻ ഭാഗ്യം കിട്ടിയത് വളരെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രം." എപ്പോഴും ശരത്ത് പ്രകടിപ്പിക്കാറുണ്ട്, മനസിലെ ഈ വിങ്ങൽ.
ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടിയ തല്ലിനെക്കുറിച്ചും അദ്ദേഹം പലപ്പോഴും അനുസ്മരിച്ചിട്ടുണ്ട്. കള്ളം പറഞ്ഞതിനായിരുന്നു ആ ചുട്ട അടി. അടുത്ത വീട്ടിൽ പോയി ഭക്ഷണം കഴിച്ചു. തിരികെ വീട്ടിൽ വന്നപ്പോൾ കഴിച്ചില്ലെന്ന് കള്ളം പറഞ്ഞു. തന്റെ വയറു കണ്ടപ്പോൾത്തന്നെ അച്ഛനു പിടികിട്ടി, കഴിച്ചെന്ന കാര്യം. ആ കള്ളം പറച്ചിലിനായിരുന്നു ആദ്യത്തെ അടി; അവസാനത്തെയും.
വയലാറിന്റെ ഗാനരചനയെക്കുറിച്ച് നിരവധി കഥകളുണ്ട്, പ്രചാരത്തിൽ. ഫോണിലൂടെ പാട്ടിന്റെ വരികൾ പറഞ്ഞു കൊടുത്തതും, സിഗരറ്റ് പായ്ക്കറ്റിൽ നിമിഷങ്ങൾകൊണ്ട് പാട്ടെഴുതി ഏല്പിച്ചതുമൊക്കെ ഈ കഥകളിൽ ചിലതു മാത്രം. പാട്ടെഴുത്ത് അദ്ദേഹത്തിന് എളുപ്പമായിരുന്നു, ചിലപ്പോൾ വിഷമകരവും. ലഹരിയുടെ അകമ്പടിയിലാവും ആ സർഗസൃഷ്ടിയുടെ എഴുന്നള്ളിപ്പ് എന്ന ധാരണയും വല്ലാതെ പരന്നിരുന്നു. പക്ഷെ അതിൽ വാസ്തവം കുറവെന്നാണ് വയലാറിന്റെ പത്നി ഭാരതി തമ്പുരാട്ടി ഒരിക്കൽ പറഞ്ഞത്, വയലാറിനൊപ്പം പലപ്പോഴും ലഹരിയുടെ ഒത്തുസഞ്ചാരവുമുണ്ടായിരുന്നു എന്നത് സത്യം . പക്ഷെ ലഹരിയിൽ മുഴുകി അദ്ദേഹം ഒരിക്കലും എഴുതുന്നത് ഭാരതി തമ്പുരാട്ടി കണ്ടിട്ടില്ല. രാത്രിയിൽ നന്നായി ഉറങ്ങും. ഏറെ വെളുപ്പിന് എഴുന്നേറ്റ്, വെറ്റില മുറുക്കി, അല്പനേരത്തെ ഉലാത്തലിനു ശേഷമാവും പലപ്പോഴും എഴുത്ത്. രാഘവപ്പറമ്പ് വീട് ഇതിന് എത്രയോ തവണ സാക്ഷ്യം വഹിച്ചിരിക്കുന്നു.
ദേവരാജനും യേശുദാസും
ഉദയാ സ്റ്റുഡിയോയിൽ ഉറ്റ ചങ്ങാതി, സംഗീത സംവിധായകൻ ജി. ദേവരാജനൊപ്പം പാട്ട് ചിട്ടപ്പെടുത്താനിരിക്കും. ഒരു മുറിയിൽ വയലാർ. മറ്റൊന്നിൽ ദേവരാജൻ. കടലും കടലാടിയും പോലെ വൈരുദ്ധ്യമുള്ളതാണ് രണ്ടുപേരുടെയും പ്രകൃതം. ആദ്യത്തെ പാട്ടുകളെല്ലാം എഴുതുന്ന മുറയ്ക്ക് വയലാർ തന്നെയാവും ദേവരാജന്റെ കൈയിലെത്തിക്കുക. സഹായി വശം പാട്ട് എത്തിയാൽ അപ്പോൾ ദേവരാജന് അറിയാം, 'കുട്ടൻ" ലഹരി വഴിയിലേക്ക് പ്രവേശിച്ചെന്നും ഇനി എഴുത്ത് വരില്ലെന്നും.
പ്രിയ ഗായകൻ യേശുദാസിന് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം നൽകാത്തതിൽ ഏറെ ഖിന്നനായിരുന്നു വയലാർ. 1975-ൽ കെ.പി.എ.സിയുടെ രജത ജൂബിലി ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ വിപ്ളവ ചിന്തിയിലേക്ക് ഈ വിഷയവും കടന്നുവന്നു. മലയാളത്തിന്റെ ഗാനഗന്ധർവനായ യേശുദാസിനെ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന ആവശ്യം അദ്ദേഹം ശക്തമായി തന്റെ പ്രസംഗത്തിൽ ഉന്നയിച്ചു. അല്ലാത്ത പക്ഷം യേശുദാസിനെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കും വരെ താൻ ഗുരുവായൂർ നടയിൽ ഉപവസിക്കുമെന്ന വെല്ലുവിളിയും മുഴക്കി. പക്ഷെ, ആ സമരവീര്യം പ്രകടിപ്പിക്കാൻ അവസരമെത്തും മുമ്പെ അദ്ദേഹം യാത്രയായി.
എങ്കിലും, അതിനും അഞ്ചുവർഷം മുമ്പേ യേശുദാസിനെക്കൊണ്ട് തന്റെ മനസിലിരിപ്പ് വയലാർ പാടിച്ചിരുന്നു:
'ഗുരുവായൂരമ്പലനടയിൽ
ഒരുദിവസം ഞാൻ പോകും
ഗോപുരവാതിൽ തുറക്കും
ഞാൻ ഗോപകുമാരനെ കാണും..."