
വിതുര: പമ്പാനദിയിൽ കാണാതായ മുഹമ്മദ് അനസിനായുള്ള തിരച്ചിൽ 11-ാം ദിവസവും വിഫലം. തൊളിക്കോട് പുളിമൂട് ഇരുത്തലമൂല അനസ് മൻസിലിൽ വഹാബിന്റെയും സൈഫിൻസയുടേയും മകനും മലഞ്ചരക്ക് വ്യാപാരിയുമായ മുഹമ്മദ് അനസിനെ (31) 13നാണ് പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായത്. നാവികസേനയും സ്കൂബാടീമും വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. വർഷങ്ങളായി അനസ് പത്തനംതിട്ടയിൽ നിന്ന് അടയ്ക്ക വാങ്ങി വില്പനനടത്താറാണ് പതിവ്. അപകടദിവസവും പത്തനംതിട്ടയിൽ നിന്ന് മടങ്ങവേ വൈകിട്ട് 5.30ഓടെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം കാഞ്ഞീറ്റുകര മൂഴിക്കൽകടവിനും തോട്ടാവള്ളി കടവിനും ഇടയിൽ കുളിക്കാനിറങ്ങി. ശക്തമായ മഴയായതിനാൽ നദി നിറഞ്ഞൊഴുകുകയായിരുന്നു. നദിയിൽ മുങ്ങിത്താഴ്ന്ന അനസിനെ രക്ഷപെടുത്താൻ സഹൃത്തുക്കൾ ശ്രമിച്ചെങ്കിലും ഒഴുക്കിൽപ്പെടുകയായിരുന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും നദിയിലെ പാറക്കെട്ടുകളും ശക്തമായ അടിയൊഴുക്കും കാരണം അനസിനെ കണ്ടെത്താനായില്ല. 11 ദിവസമായി പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് തിരച്ചിൽ തുടരുകയാണ്. സജിലയാണ് അനസിന്റെ ഭാര്യ. ആറും രണ്ടും വയസുള്ള മക്കളുണ്ട്.