
നെടുമങ്ങാട് : യുവതീയുവാക്കൾക്ക് ആതുരശുശ്രൂഷയിൽ പരിശീലനവും തൊഴിലും ഉറപ്പ് ചെയ്ത് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ മാതൃക. പ്ലസ്‌ടു വിജയികൾക്ക് ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്‌സിംഗ് അസിസ്റ്റന്റ്) കോഴ്‌സിലാണ് പ്രവേശനം ഒരുക്കുന്നത്. ജനറൽ വിഭാഗത്തിൽ നിന്ന് 50 പേരും പട്ടിക വിഭാഗത്തിൽ നിന്ന് 20 പേരുമുൾപ്പെടെ എഴുപത് പരിശീലനാർത്ഥികൾക്ക് ആദ്യ ബാച്ചിൽ പ്രവേശനം ലഭിക്കും. നെടുമങ്ങാട് ജില്ലാ ആശുപത്രിയും വട്ടപ്പാറ എസ്.യു.ടി ആശുപത്രിയുമാണ് പരിശീലന കേന്ദ്രങ്ങൾ. കേരള നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോടെയാണ് കോഴ്സ് നടത്തുന്നത്. വിജ്ഞാന സമ്പദ് വ്യവസ്ഥയും തൊഴിൽ സുരക്ഷയും ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി പറഞ്ഞു. പരിശീലന കോഴ്‌സിന്റെ ഉദ്‌ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വി.അമ്പിളി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് വൈശാഖ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ചിത്രലേഖ,ബ്ലോക്ക് സെക്രട്ടറി എസ്.വിനോദ് കുമാർ,ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.സുമി കെ.വി, പ്രോഗ്രാം മാനേജർ വൈശാഖ് ആർ.എ,പ്രോജക്ട് ഹെഡ് രേഷ്മാ എൽ.എസ് എന്നിവർ സംസാരിച്ചു.