
ബാലരാമപുരം: കുട്ടികളിൽ കണ്ടുവരുന്ന റൂബെല്ല ജർമൻ മീസിൽസ്, മുണ്ടിനീര്, അഞ്ചാം പനി എന്നിവയെ പ്രതിരോധിക്കാൻ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്ന എം.എം.ആർ വാക്സിന്റെ വിതരണം പള്ളിച്ചൽ ആരോഗ്യകേന്ദ്രത്തിൽ ആരംഭിച്ചു. ദേശീയ ഇമ്മ്യൂണൈസേഷൻ പദ്ധതിയിൽ ഉണ്ടായിരുന്ന എം.എം.ആർ വാക്സിൻ ഒഴിവാക്കി എം.ആർ വാക്സിന്റെ വിതരണമായിരുന്നു നേരത്തെ നടത്തിയിരുന്നത്. നിലവിൽ ഇത്തരത്തിലുള്ള രോഗങ്ങൾ കുട്ടികളിൽ പിടിപെട്ടാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നുള്ള പഠനത്തിന്റെ അടിസ്ഥാനത്തിൽ 500 രൂപയോളം വരുന്ന വാക്സിൻ സൗജന്യമായി കുട്ടികൾക്ക് ലഭ്യമാക്കാൻ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം പള്ളിച്ചൽ ഭരണസമിതി തീരുമാനിക്കുകയായിരുന്നു. ഇതിനായി രണ്ട് ലക്ഷം രൂപ പദ്ധതിയിൽ വകയിരുത്തി. എം.എം.ആർ വാക്സിന്റെ വിതരണോദ്ഘാടനം താന്നിവിള കുടുംബാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ് നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ആർ സുനു, മെമ്പർമാർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.