
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയുടെ നേതൃത്വത്തിൽ മുൻസിപ്പൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വികസന സദസിൽ നെയ്യാറ്റിൻകര നഗരസഭയെ അതിദാരിദ്ര്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. വികസന സദസ്സ് കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ വികസനരേഖ അവതരിപ്പിച്ചു.നഗരസഭാ സ്ഥിരം സമിതി അംഗങ്ങളായ കെ.കെ.ഷിബു, എൻ.കെ.അനിതകുമാരി, ഡോ.എം.എ.സാദത്ത്, കൗൺസിലർമാരായ പ്രസന്നകുമാർ, ഡി.സൗമ്യ, അലിഫാത്തിമ എന്നിവർ സംസാരിച്ചു. ഓപ്പൺ ഫോറത്തിൽ വികസനരേഖയുടെ ചർച്ചയും മറുപടിയും നടന്നു.
നഗരവാസികളുടെ ചിരകാലസ്വപ്നമായ ശാന്തിയിടം പൊതുശ്മശാനം,ജെ.സി. ഡാനിയേൽ ഓപ്പൺ തീയറ്റർ, പെരുമ്പഴുതൂർ ഓപ്പൺ ഓഡിറ്റോറിയം,വയോജന പാർക്ക്,അമരവിള നൈറ്റ് സ്ട്രീറ്റ്,മൂന്നുകല്ലിൻമൂട് ചെറു പൊതുയിടം, ഹാപ്പിനസ് പാർക്ക് എന്നിവയുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും, പെരുമ്പഴുതൂർ മാർക്കറ്റ് കോംപ്ലക്സ്, നെയ്യാർ ബ്യൂട്ടിഫിക്കേഷൻ പദ്ധതി എന്നിവയുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും ചെയർമാൻ അറിയിച്ചു.