തിരുവനന്തപുരം: നേമം പൊലീസ് ക്വാർട്ടേഴ്സ് റോഡിന്റെ ഭാഗമായുള്ള വട്ടവിള സുരേഷ് റോഡിൽ, ഗതാഗതത്തിനുള്ള പകരം സംവിധാനം ഏർപ്പെടുത്താത്തതിൽ ജില്ലാകളക്ടർ വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. നേമം റെയിൽവേ ട്രാക്കിന് സമാന്തരമായി സഞ്ചരിക്കുന്ന വട്ടവിള സുരേഷ് റോഡ് ഒരു കോടിയിലധികം രൂപ വാങ്ങി റെയിൽവേക്ക് കൈമാറിയെന്നാണ് ആക്ഷേപം. റോഡ് ഏറ്റെടുത്ത റെയിൽവേ 40 അടി താഴ്ചയിൽ കുഴിച്ച് സഞ്ചാരസ്വാതന്ത്ര്യം പൂർണമായി തടസപ്പെടുത്തി. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണമെന്ന നാട്ടുകാരുടെ ആവശ്യം റെയിൽവേ അംഗീകരിച്ചില്ല. സ്പെഷ്യൽ തഹസിൽദാർ സ്ഥലപരിശോധന നടത്തിയെങ്കിലും റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. നേമം ആക്ഷൻ കൗൺസിൽ സെക്രട്ടറി ബി.എസ്. അനിൽകുമാർ നൽകിയ പരാതിയിലാണ് നടപടി.