ബാലരാമപുരം: മംഗലത്തുകോണം കാട്ടുനട ക്ഷേത്രത്തിലെ പുതിയ നടപ്പന്തലിന് സമീപം കാണിക്ക വഞ്ചിക്ക് മുമ്പിൽ സ്ഫോടക വസ്തുവെറിഞ്ഞ സംഭവത്തിൽ ക്ഷേത്ര ഭരണസമിതി ബാലരാമപുരം പൊലീസിൽ പരാതി നൽകി.ഇന്നലെ ഉച്ചയ്ക്ക് 1ഓടെയായിരുന്നു സംഭവം.ഓട്ടോയിലെത്തി സ്ഫോടക വസ്തു എറിയുന്ന ദൃശ്യങ്ങളും ക്ഷേത്ര ഭരണസമിതി പൊലീസിന് കൈമാറി. ആദ്യം ഓട്ടോയിലെത്തി സ്ഫോടക വസ്തുവെറിഞ്ഞ് കടന്നതിനുശേഷം, വീണ്ടും തിരികെയെത്തി എറിയുന്ന ദൃശ്യങ്ങളും സി.സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്.ദൃശ്യങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.സ്ഥലത്ത് സംഘർഷമുണ്ടാക്കാൻ ബോധപൂർവം കൃത്യം നടത്തിയതാണെന്ന സംശയവും പൊലീസ് നിരീക്ഷിച്ചുവരികയാണ്. മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ സഹായം തേടി വാഹനഉടമയെ കസ്റ്റഡിയിലെടുക്കാനും പൊലീസ് നടപടി തുടങ്ങി.