തിരുവനന്തപുരം: കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് അംഗങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി. അടുത്തമാസം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് അടക്കം ഇവർക്ക് 6 വർഷത്തേക്ക് മത്സരിക്കാനാവില്ല. കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച ശേഷം കൂറുമാറി എൽ.ഡി.എഫിനൊപ്പം ചേർന്ന് ഭരണസമിതിയെ അട്ടിമറിച്ചതിനാണ് കൂറുമാറ്റ നിരോധന നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.
പ്രസിഡന്റ് സി.എ.ജോസ്,വൈസ് പ്രസിഡന്റ് സൂസിമോൾ,സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ എഡ്വിൻ സാം,ഏഞ്ചൽ കുമാരി,ജാസ്മിൻ പ്രഭ എന്നിവർക്കെതിരെയാണ് നടപടി. 2023ലായിരുന്നു കോൺഗ്രസിന്റെ ഭരണസമിതിയെ അട്ടിമറിച്ച് ഇവർ ഇടതുപക്ഷവുമായി ചേർന്ന് ഭരണം പിടിച്ചെടുത്തത്. ഒരു ബി.ജെ.പി. അംഗമാണ് ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
ഇടതുപക്ഷത്തിലെ ആറ് അംഗങ്ങളുടെ പിന്തുണയോടുകൂടിയാണ് സി. എൽ .ജോസിനെ കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തത്. 19 അംഗങ്ങളുള്ള കാരോട് ഗ്രാമപഞ്ചായത്തിൽ 10 കോൺഗ്രസ് അംഗങ്ങളാണുണ്ടായിരുന്നത്. സി.പി.എമ്മിൽ നിന്നു നാലു പേരും ബി.ജെ.പി,സി.പി.ഐ എന്നിവർക്ക് രണ്ടുവീതവും ഒരു സ്വതന്ത്രരാണുള്ളത്.