തിരുവനന്തപുരം: രാഷ്ട്രപതിയുടെ ശിവഗിരി യാത്രയ്ക്ക് ഒന്നര മണിക്കൂർ മുൻപേ, നഗരത്തിലേ വിവിധ റോഡുകൾ അടച്ചത് ജനത്തെ വലച്ചു.രാജ്ഭവനിൽ നിന്ന് വിമാനത്താവളത്തിലേക്കായിരുന്നു രാഷ്ട്രപതിയുടെ റൂട്ട്.എന്നാൽ ഈ വഴിയിലേക്ക് എത്തുന്ന ഇടറോഡുകളെല്ലാം കൂട്ടത്തോടെ അടച്ചതോടെ സ്ക്കൂൾ കുട്ടികളും ഓഫീസിലേക്ക് പോയവരും മണിക്കൂറുകളോളം വഴിയിലായി.
ആശുപത്രികളിലേക്ക് പോയവർ ഉൾപ്പെടെ ബസുകളിലിരുന്ന് അവശരായി.വഞ്ചിയൂർ ഉപ്പിടാമൂട് പാലം,പാറ്റൂർ,കണ്ണമ്മൂല എന്നിവിടങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയായി.രാവിലെ 9.30തോടെ രൂപപ്പെട്ട ഗതാഗതക്കുരുക്ക് 10ന് അതിരൂക്ഷമായി.11വരെ ഇത് നീണ്ടു.
രാഷ്ട്രപതി രാജ്ഭവനിൽ നിന്ന് തിരിക്കുന്നതിന് മുന്നോടിയായി റോഡുകൾ അടയ്ക്കുന്നതാണ് പതിവ്.എന്നാൽ തിരക്കേറിയ സമയത്ത് റോഡ് ഒരുമണിക്കൂറിലേറെ അടച്ചതാണ് ജനത്തിന് ദുരിതമായത്.ഇത്തരമൊരു ഗതാഗത ക്രമീകരണമായിരുന്നെങ്കിൽ നഗരത്തിലെ സ്ക്കൂളുകൾക്കെങ്കിലും ഇന്നലെ അവധി നൽകേണ്ടിയിരുന്നുവെന്ന് ഗതാഗതകുരുക്കിൽപ്പെട്ടവർ പറഞ്ഞു.
11ഓടെയാണ് നഗരത്തിലെ സ്ക്കൂളുകളിൽ വിദ്യാർത്ഥികൾ പലരുമെത്തിയത്. ഓഫീസുകളിലെത്താൻ ജീവനക്കാരും വൈകി.യഥാസമയം പൊലീസ് വിവരങ്ങൾ കൈമാറുന്നതിലുണ്ടായ വീഴ്ചയാണ് ഇത്തരമൊരു കുരുക്കിന് കാരണമായതെന്നാണ് വിവരം.