
വിതുര: പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര ശിവൻകോവിൽ ജംഗ്ഷനിൽനിന്നും തള്ളച്ചിറ,മേമല മേഖലയിലേക്കുള്ള റോഡ് കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായി. രണ്ട് കിലോമീറ്ററോളം ദൂരത്താണ് റോഡ് തകർന്നുകിടക്കുന്നത്. ഇതിൽ കുറച്ചുഭാഗം കോൺഗ്രീറ്റ് ചെയ്തിട്ടുണ്ട്. തള്ളച്ചിറ, എലിക്കോണം, മൈലക്കോണം, കാവുവിള, ആട്ടിൻകൂട്, മേമല, മാങ്കാല എന്നിവിടങ്ങളിലേക്ക് പോകുന്നതിനായി നൂറുകണക്കിന് പേർ ആശ്രയിക്കുന്ന പ്രധാന റോഡാണിത്. സ്വകാര്യവാഹനങ്ങൾ ഓട്ടം വിളിച്ചാൽ എത്താൻ വിമുഖതകാട്ടുന്ന സ്ഥിതിയിലുമാണ്. മാത്രമല്ല അനവധി സ്കൂൾ വാഹനങ്ങളും റോഡിലൂടെ കടന്നുപോകുന്നുണ്ട്. മഴയായതോടെ റോഡിൽ മഴക്കുഴികൾ നിറഞ്ഞു. ഇതിൽ വീണ് അപകടവും പതിവാണ്.
അപകടങ്ങൾ പതിവ്
വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡിലൂടെയുള്ള യാത്ര ഏറെ അപകടം നിറഞ്ഞതാണ്. ശോച്യാവസ്ഥമൂലം അനവധി അപകടങ്ങളാണ് റോഡിൽ നടക്കുന്നത്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. ബൈക്കുകൾ മറിഞ്ഞ് അനവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മാത്രമല്ല മുൻപ് തള്ളച്ചിറ ഭാഗത്ത് നടന്ന ബൈക്കപകടത്തിൽ ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു.
സംരക്ഷണഭിത്തിയില്ല
റോഡിന് വേണ്ടത്ര വീതിയുമില്ല. പുറംപോക്ക് കൈയേറ്റവും വ്യാപകമാണ്. റോഡിന്റെ ഒരുവശത്ത് തോട് ഒഴുകുകയാണ്. സംരക്ഷണഭിത്തി നിർമ്മിച്ചിട്ടില്ലാത്തതിനാൽ സൈഡ് നൽകുമ്പോൾ തോട്ടിലേക്കും വാഹനങ്ങൾ മറിയുന്നുണ്ട്. മാത്രമല്ല റോഡരിക് കാടു മൂടി കിടക്കുകയാണ്.
അനുവദിച്ച തുക 16 ലക്ഷം
ഫണ്ട് അനുവദിച്ചിട്ടും പണി നടന്നില്ല
തള്ളച്ചിറ വിതുര റോഡിന്റെ ശോച്യാവസ്ഥയും അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് റോഡ് ടാറിംഗ് നടത്തുന്നതിനായി സർക്കാരിന്റെ ഗ്രാമീണറോഡ് നിർമ്മാണപദ്ധതി പ്രകാരം 16 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ തുക കുറവായതിനാൽ കരാറെടുക്കാൻ ആരും മുന്നോട്ടുവന്നില്ല. ഇതോടെ റോഡ് നിർമ്മാണപ്രവർത്തനവും നിലച്ചു. കൂടുതൽ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സർക്കാരിൽ ബന്ധപ്പെട്ടെങ്കിലും നടപടികൾ സ്വീകരിച്ചില്ല. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് തള്ളച്ചിറ നിവാസികൾ.