
വിതുര: ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തിലുള്ള കാജലിന് ഇനി മികച്ച അന്തരീക്ഷത്തിൽ പഠനം തുടരാം. സെറിബ്രൽപൾസി ബാധിച്ച് ശരീരഘടനയിലും ചലനശേഷിയിലും വെല്ലുവിളി നേരിടുന്ന പേപ്പാറ വയലിൽപുല്ല് ഉന്നതിയിൽ നിന്നുള്ള വിദ്യാർത്ഥിയാണ് കാജൽ. വിതുര യു.പി.എസിന്റെ പഠനപിന്തുണ കിട്ടുന്നുണ്ടെങ്കിലും ഗൃഹാധിഷ്ഠിത വിദ്യാഭ്യാസമാണ് നിലവിൽ. ചിത്രരചന,വായന,പഠനം എല്ലാത്തിലും ബഹുമിടുക്കിയാണ്. വിതുര ഗവ.വി.എച്ച്.എസ്.എസിലെ നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാർ കാജലിനെ കുറിച്ച് കേട്ടറിയുകയും സന്ദർശിക്കുകയും മികച്ച അന്തരീക്ഷത്തിൽ പഠനം തുടരാൻ ക്രമീകരണങ്ങളൊരുക്കാൻ തീരുമാനിക്കുകയും ചെയ്തു. സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിലൂടെ അനുവദിക്കപ്പെട്ട വീട് നിർമ്മിച്ചെങ്കിലും പണിപൂർത്തിയാക്കിയിട്ടില്ല. പ്ലംബിംഗ്, ടൈൽപതിക്കൽ, അഡാപ്‌റ്റീവ് ടോയ്ലെറ്റ്, അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുടെ എല്ലാം ചുമതലയേറ്റെടുത്തു എൻ.എസ്.എസ് വോളണ്ടിയർമാർ. കൂടാതെ മനോഹരമായ ഹോംലൈബ്രറികൂടി സമ്മാനിച്ചു. കാജലിനും കുഞ്ഞുപെങ്ങൾക്കും പോഷകാഹാരലഭ്യത ഉറപ്പാക്കാൻ ആഴ്ചതോറും പഴവർഗ്ഗങ്ങൾ വിതരണം ചെയ്യുന്ന പഴക്കൂട പദ്ധതിയുമുണ്ട്. ഒന്നരലക്ഷംരൂപ ചെലവഴിച്ചാണ് പദ്ധതിനടപ്പാക്കിയത്. കുട്ടികൾ ബിരിയാണി ചലഞ്ചിലൂടെയാണ് ഇതിന് പണം കണ്ടെത്തിയത്. 2136 പേർ ചലഞ്ചിൽപങ്കാളികളായി. ഹൃദയപൂർവത്തെക്കുറിച്ചറിഞ്ഞ സുമനസ്സുകൾ സാമ്പത്തികമായി യൂണിറ്റിനെ സഹായിക്കുകയും ചെയ്തു. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ മഞ്ജുഷ എ.ആർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അരുൺ വി.പി എന്നിവർ നേതൃത്വംനൽകി. ഹൃദയപൂർവം പദ്ധതി വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി.ആനന്ദ് ഉദ്ഘാടനംചെയ്തു. പേപ്പാറ വാർഡ്മെമ്പർ എസ്. ലതകുമാരി,പി.ടി.എ പ്രസിഡന്റ് ആർ.രവിബാലൻ,പ്രിൻസിപ്പൽമാരായ മഞ്ജുഷ എ.ആർ,എം.ജെ ഷാജി,ഡി.പി.ഒ ശ്രീകുമാർ,വിതുര യു.പി. എസ് ഹെഡ്മിസ്ട്രസ് ശോഭനാ ദേവി പി.പി, ബി.ആർ.സി ഉദ്യോഗസ്ഥ പ്രിയ എസ്.നായർ,എൻ.എസ്.എസ് സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ മാത്തൻജോർജ്, പ്രോഗ്രാംഓഫീസർ അരുൺ വി.പി,സ്പെഷ്യൽ എഡ്യൂക്കേറ്റർ മരിയ പുഷ്പം എന്നിവർപങ്കെടുത്തു.